ചെരുപ്പില്ലാതെ നടന്നാല്‍ ഇരട്ടി ഫലം !

ചെരുപ്പില്ലാതെ നടന്നാല്‍ ഇരട്ടി ഫലം !

ആരോഗ്യത്തിന് നടപ്പ് ഏറെ ഗുണകരമാണ്. ഈ നടപ്പ് തന്നെ ആരോഗ്യകരമാക്കാന്‍ പല വഴികളുണ്ട്. അതില്‍ ഒന്നാണ് ചെരിപ്പില്ലാതെയുള്ള നടപ്പ്. നാം പൊതുവേ ചെരിപ്പിട്ടു നടക്കണം എന്നാണ് പറയുക. വൃത്തിയുടെ കൂടി ഭാഗമായാണ് അത്. എന്നാല്‍ ചെരിപ്പില്ലാതെ നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാണ്.നാച്ചുറോപ്പതി പ്രകാരം, ചെരിപ്പിന്റെ സഹായമില്ലാതെ മണ്ണിലൂടെയും ചരലിലൂടെയുമൊക്കെ നടക്കുന്നത് ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു.

ഭൂമിയോട് കാലുകളുടെ നേരിട്ടുള്ള സമ്പര്‍ക്കം ശരീരത്തിനാവശ്യമായ ആന്റി-ഓക്‌സിഡന്റുകള്‍ ഉല്‍പാദിപ്പിക്കുന്നതോടൊപ്പം മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ചെരിപ്പില്ലാതെയുള്ള നടത്തം ശീലിക്കുന്നത് ശരീരത്തിലെ അക്യൂപങ്ചര്‍ ബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നുവെന്നാണ് മെഡിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഉറക്കമില്ലായ്മ മൂലം അസ്വസ്ഥത അനുഭവിക്കുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഉറക്കം താറുമാറായവരുടെ ജീവിതശൈലി പോലും ഒട്ടും ആരോഗ്യകരമല്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പു വരുത്താന്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം അനിവാര്യമാണ്. പച്ചപ്പുല്ലിന് മീതെ ചെരിപ്പില്ലാതെയുള്ള നടത്തം ശീലമാക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ ചെരിപ്പില്ലാതെയുള്ള നടത്തം മനസിക പിരിമുറുക്കം കുറക്കാന്‍ വളരെയധികം സഹായിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടത്തം കാല്‍ പാദങ്ങളിലെ നാഡികളെ ഉത്തേജിപ്പിക്കുന്നതു മൂലം മനസ്സിന്റെ ആയാസങ്ങള്‍ കുറയുമെന്നതിനാല്‍ രക്ത സമ്മര്‍ദ്ദവും കൂടാതെ സഹായിക്കും.
വിവിധ കാരണങ്ങളാല്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്ക് കേടു സംഭവിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കും. ചെരിപ്പില്ലാതെ നടക്കുന്നതിലൂടെ മണ്ണിനടിയില്‍ നിന്നും സ്വീകരിക്കപ്പെടുന്ന ഇലക്ട്രോണുകള്‍ മനുഷ്യ ശരീരത്തില്‍ ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും അതുവഴി ശരീരത്തിലുണ്ടാകുന്ന വീക്കങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ദഹനപ്രക്രിയ സുഗമമാക്കാനും ചെരിപ്പില്ലാത്ത നടത്തം വളരെ പ്രയോജനകരമാണ്.
തുടക്കത്തില്‍ ചെരിപ്പില്ലാതെയുള്ള നടത്തം ചില അസ്വസ്ഥതകളുണ്ടാക്കാനിടയുണ്ട്. ഇങ്ങനെ മണ്ണിലൂടെയും മറ്റ് പരുക്കന്‍ പ്രതലങ്ങളിലൂടെയും ഒക്കെയുള്ള നടത്തം നിമിത്തം ഉണ്ടാക്കുന്ന അസ്വസ്ഥതകളും വേദനകളും ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. പേശികളുടെ ബലക്കുറവ് പരിഹരിക്കപ്പെടുന്നതോടെ ശരീരവും കാലുകളും കൂടുതല്‍ ശക്തമാകുന്നു. ചെരിപ്പില്ലാതെ നടത്തം ശീലിക്കുന്നവര്‍ കൂടുതല്‍ ഉന്മേഷവാന്മാരും ഊര്‍ജ്ജസ്വലരുമായി കാണപ്പെടുന്നതിന്റെ കാരണവും ഇതാണ്.

അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്

അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരം വേണം. ആരോഗ്യമുള്ള ശരീരത്തിന് ശക്തമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ ശരീരത്തിലുണ്ടാകണം. കാല്‍പാദങ്ങളിലെ നാഡികളുടെ ഉദ്ദീപനം രോഗപ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുന്നു. കുട്ടികള്‍ ചെരിപ്പില്ലാതെ മുറ്റത്തും വയല്‍ വരമ്പുകളിലുമൊക്കെ കളിക്കുന്നത് കണ്ടിട്ടില്ലേ? ഇവരുടെ രോഗപ്രതിരോധ ശക്തി മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

സ്ത്രീകളില്‍ ഉണ്ടാകുന്ന ആര്‍ത്തവസംബന്ധമായ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കാനും ചെരിപ്പില്ലാതെയുള്ള നടത്തം നല്ലതാണ്. ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന മാനസിക-ശാരീരിക വ്യതിയാനങ്ങളും, ശരീരഭാരം വര്‍ധിക്കുന്ന അവസ്ഥ, തലവേദന, വയറുവേദന, മലബന്ധം തുടങ്ങിയവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ലഘൂകരിക്കാന്‍ ചെരിപ്പില്ലാതെ ദിവസവും കുറച്ചു സമയം നടത്തം ശീലിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.