ഉദ്ധവ് താക്കറേയ്ക്കെതിരേ ''കരണത്തടി'' പരാമര്‍ശം: കേന്ദ്രമന്ത്രി നാരായണ്‍ റാണെ പൊലീസ് കസ്റ്റഡിയില്‍

ഉദ്ധവ് താക്കറേയ്ക്കെതിരേ ''കരണത്തടി'' പരാമര്‍ശം: കേന്ദ്രമന്ത്രി നാരായണ്‍ റാണെ പൊലീസ് കസ്റ്റഡിയില്‍

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരേ ''കരണത്തടി'' പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെ പോലീസ് കസ്റ്റഡിയില്‍. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പോലീസ് റാണെയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

റായ്ഗഢില്‍ ''ജന ആശീര്‍വാദ് യാത്ര''യില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ കരണത്തടി പരാമര്‍ശം. ഓഗസ്റ്റ് 15ന് നടത്തിയ അഭിസംബോധനക്കിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നു പോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നുമായിരുന്നു റാണെയുടെ പരാമര്‍ശം.

അതേസമയം റാണെയുടെ വിവാദ പരാമര്‍ശത്തെ ചൊല്ലി ശിവസേന, ബി.ജെ.പി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടി. കേസില്‍ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടു പോകുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. റാണെ, രാജ്യസഭാംഗമായതിനാല്‍ അറസ്റ്റിനു ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശിവസേന നേതാക്കള്‍ മുംബയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി നേതാക്കള്‍ തടയാന്‍ ശ്രമിച്ചതോടെയായിരുന്നു ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.