തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഗ്രൂപ്പുകള്‍. ഉമ്മന്‍ചാണ്ടിയെയേയും രമേശ് ചെന്നിത്തലയേയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ചൊവ്വാഴ്ച കാണും. ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യത്തിലേക്കാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം എത്തിയിരിക്കുന്നത്.
എ, ഐ ഗ്രൂപ്പുകള്‍ പുതിയ നേതൃത്വവുമായി ഇതുവരെ മരസപ്പെട്ടിട്ടില്ല. കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതല ഏല്‍ക്കുന്ന സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയും കെ.സി ജോസഫും പരോക്ഷമായി പുതിയ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിയത് തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നു പ്രഖ്യാപിക്കാനായിരുന്നു. കഴിഞ്ഞ ദിവസം സതീശന്‍, ഉമ്മന്‍ചാണ്ടിയുമായും രമേശുമായും സംസാരിച്ചിരുന്നു. അനുനയമുണ്ടാക്കാനുള്ള ശ്രമത്തിനിടെ രമേശ് വിമര്‍ശനം ഉന്നയിച്ചത് ഔദ്യോഗിക നേതൃത്വത്തിനു നീരസമുണ്ടാക്കി.
ഡി.സി.സി പ്രസിഡന്റുമാരെക്കുറിച്ചല്ല തര്‍ക്കമെന്നും ആ പട്ടികയിലേക്ക് എത്തിയ വഴികളില്‍ തങ്ങളെ അപമാനിച്ചെന്നുമുള്ള വികാരമാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം ഉയര്‍ത്തുന്നത്. തങ്ങള്‍ നേതൃസ്ഥാനത്തിരുന്നപ്പോള്‍ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നത് നിലവിലെ നേതൃത്വം തങ്ങളോട് ആ വികാരം പ്രകടിപ്പിച്ചുവെന്നു വ്യക്തമാക്കുന്നതാണ്.
എ, ഐ ഗ്രൂപ്പുകളില്‍നിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാലും മറുപടിപറയേണ്ടെന്ന തീരുമാനത്തിലാണ് ഔദ്യോഗിക നേതൃത്വം. നേരത്തേ നിശ്ചയിച്ച സമയക്രമമനുസരിച്ച് പുനഃസംഘടനയുമായി മുന്നോട്ടു പോകാനാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. അനുനയത്തിനു ശ്രമിക്കുമ്പോഴും രണ്ടു ഗ്രൂപ്പുകളും നിര്‍ദേശിക്കുന്നവരെ ഭാരവാഹികളായി അതേപടി നിയമിക്കുകയല്ല പരിഹാരമെന്നും അവര്‍ ഉറപ്പിക്കുന്നു.
എന്നാല്‍, തങ്ങള്‍ക്കുണ്ടായ അപമാനം ചെറുതല്ലാത്തതിനാല്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. അതിനുള്ള ശ്രമമുണ്ടായില്ലെങ്കില്‍ വിമര്‍ശനം കടുപ്പിക്കാനും എ, ഐ ഗ്രൂപ്പുകളില്‍ ധാരണയുണ്ട്. ഇരുഗ്രൂപ്പുകളും സംയുക്തമായിട്ടായിരിക്കും മുന്നോട്ടു നീങ്ങുക. തങ്ങള്‍ വീണ്ടും അപമാനിക്കപ്പെടരുതെന്നും ഹൈക്കമാന്‍ഡ് അക്കാര്യം ഉറപ്പാക്കണമെന്നുമാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.