കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുകൾക്ക് കാണാൻ അവസരം; പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുകൾക്ക് കാണാൻ അവസരം; പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതസംസ്കാരചടങ്ങുകളിൽ പാലിക്കേണ്ട പുതിയ മാർഗ്ഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്  അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരമാണ് നല്‍കുന്നത്.

കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പിപിഇ കിറ്റ് ധരിക്കണം.

കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതപരമായ ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ അനുവാദമില്ല.

60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുക്കുന്നവർ സുരക്ഷിത അകലം പാലിക്കണം.

മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കണം. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്.

സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും പരിസരങ്ങളും അണുവിമുക്തമാക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.