അടിയൊഴുക്കുകൾ ശക്തമായ കാഞ്ഞിരപ്പള്ളി; അത്ഭുതങ്ങൾ പ്രതീക്ഷിക്കാമോ?

അടിയൊഴുക്കുകൾ ശക്തമായ കാഞ്ഞിരപ്പള്ളി; അത്ഭുതങ്ങൾ പ്രതീക്ഷിക്കാമോ?

ജാതീയ വോട്ടുകൾ ഗതിവിഗതികൾ നിർണയിക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കടുക്കും. 2011 ലെ തിരഞ്ഞെടുപ്പോടെ ഇല്ലാതായ വാഴൂർ മണ്ഡലത്തിന്റെ സിംഹഭാഗവും ഉൾപ്പെടുത്തി പുനർനിർണയിച്ചാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപവത്ക്കരിച്ചത്. ഇതോടെ പഴയ കാഞ്ഞിരപ്പള്ളി മണ്ഡലം പൂഞ്ഞാറിന് വഴിമാറി. പഴയ വാഴൂർ മണ്ഡലത്തിന്റെ സാഹചര്യത്തിൽ വാഴൂരിനെ അവലോകനം ചെയ്‌താൽ കാഞ്ഞിരപ്പള്ളി ഇടത് വലത് മുന്നണികൾക്ക് തുല്യ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. കാനം രാജേദ്രനും, കെ നാരായണക്കുറുപ്പുമൊക്കെ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണിതെന്നതും ശ്രദ്ധേയമാണ്.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വെള്ളാവൂർ, നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ, വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം. നേരത്തെ ഉൾപ്പെട്ടിരുന്ന വാകത്താനം പഞ്ചായത്ത് പോയി പകരം കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട് പഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെട്ടു.

മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ 6 എണ്ണം എൽ.ഡി.എഫിനാണെന്നുള്ളത് യു.ഡി.എഫ് പാളയത്തിൽ ആശങ്കയ്ക്കിട നൽകുന്നുണ്ട്. ഹിന്ദു സമൂഹത്തിന് ഏറെ മുൻതൂക്കമുള്ള ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ ബി.ജെ.പിയുടെ മുന്നേറ്റവും ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് എൽ.ഡി.എഫിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.

ജയരാജന് ഒരവസരം കൂടി ലഭിക്കുമോ?

കേരള കോൺഗ്രസ്(എം)ലെ ഏക ഹിന്ദു എം.എൽ.എ ആയ ഡോ.എൻ.ജയരാജാണ് നിലവിലുള്ള പ്രതിനിധി. മൂന്നാം തവണയും അദ്ദേഹം തന്നെ ജനവിധിതേടുമെന്നാണ് കരുതുന്നത്. കാഞ്ഞിരപ്പള്ളി മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കുന്ന പക്ഷം ജയരാജ് തന്നെയായിരിക്കും സ്ഥാനാർഥി.

സി പി ഐ വിട്ടു കൊടുക്കുമോ?

കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗവും, സി പി ഐയും ഇടതു പക്ഷമുന്നണിയിൽ ആയതിനാൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിന് വേണ്ടി ഇടത് മുന്നണിയിൽ പിടിവലി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. കാനം രാജേദ്രൻ ഇടത് മുന്നണി സ്ഥാനാർത്ഥിയായി വന്നാൽ മുന്നണിക്ക് വിജയ സാധ്യത കൂടുതലുണ്ടാകുമെന്നും , പകരമായി ചങ്ങനാശ്ശേരിയിലേക്ക് നിലവിലുള്ള എം എൽ എ ആയ ജയരാജിനെ മാറ്റണമെന്നും സി പി ഐ അംഗങ്ങൾ ആവശ്യമുയർത്തിക്കഴിഞ്ഞു. കേരളാ കോൺഗ്രസ്സ് മാണി വിഭാഗം ഇടത് മുന്നണിയിൽ ചേർന്ന സാഹചര്യത്തിൽ കഴിഞ്ഞതവണ സി പി ഐ സ്ഥാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട വി ബി ബിനുവിനെ തന്നെ മത്സരിപ്പിച്ച് ജയിപ്പിക്കാമെന്നും ഇടത് ക്യാമ്പുകൾ വിശ്വസിക്കുന്നു.

കോൺഗ്രസ്സ് മണ്ഡലം ഏറ്റെടുക്കുമോ?

യു ഡി എഫിൽ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ഏറ്റെടുക്കാനും അവിടെ ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ എന്നിവരിൽ വിജയ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും യു ഡി എഫിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ്സിന്റെ പരമ്പരാഗത മണ്ഡലത്തിൽ തങ്ങൾക്കാണ് അവകാശമെന്നും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ പക്ഷത്തുണ്ടെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കളും അവകാശപ്പെടുന്നു. നിലവിലെ എം എൽ എ ജയരാജന്റെ ബന്ധുവും ജില്ലാ പഞ്ചായത്തംഗവും ആയ അജിത്ത് മുതിരമല ജയരാജനെ നേരിടാൻ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയായി പൊതുവെ കരുതപ്പെടുന്നു. അൽഫോൻസ് കണ്ണന്താനത്തെയോ കാനത്തെയോ പോലുള്ള ശക്തരായ സ്ഥാർത്ഥികളെത്തിയാൽ ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസ്സ് സ്ഥാപക നേതാക്കളിൽ ഒരാളുടെ മകനെ സ്ഥാനാർത്ഥിയാക്കാനും സാധ്യതയുണ്ട്. പി സി തോമസ് യു ഡി എഫിൽ എത്തും എന്നത് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

ബി ജെ പി അതിശയിപ്പിക്കുമോ?

കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ അട്ടിമറി വിജയം നേടാൻ ബി ജെ പി എല്ലാ തന്ത്രങ്ങളും മെനയുകയാണ്. സീറോ മലബാർ സഭയിലെ ചില പ്രമുഖരുടെ സ്വാധീനത്തോടെ അൽഫോൻസ് കണ്ണന്താനത്തെ എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ താല്പര്യമില്ലാത്ത അദ്ദേഹത്തെ അനുനയിപ്പിക്കാൻ ബി ജെ പി കേന്ദ്ര നേതാക്കൾ ശ്രമം തുടങ്ങിയതായി മനസിലാക്കുന്നു.

അൽഫോൻസ് മത്സരിക്കുന്നില്ലെങ്കിൽ മുൻ കേരളാ കോൺഗ്രസ്സ് നേതാവും, ഇപ്പോൾ ബി ജെ പിയുടെ ജില്ലാപ്രസിഡന്റുമായ അഡ്വ നോബിൾ മാത്യുവിനെ മത്സരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച വി എൻ മനോജ് 23% വോട്ടുകൾ നേടി എന്നത് ബി ജെ പി ക്യാമ്പുകൾക്ക് കൂടുതൽ ആവേശം നൽകുന്നു.

മുസ്ലിം പ്രീണന നയം തുടരുന്ന യു ഡി എഫിനോടും എൽ ഡി എഫിനോടും മാനസികമായി അകലുന്ന ക്രൈസ്തവ സമൂഹങ്ങളിലെ നിഷ്പക്ഷരായവർ എൻ ഡി എ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് ബി ജെ പിയുടെ പ്രാദേശിക നേതാക്കൾ അവകാശപ്പെടുന്നു. കത്തോലിക്കാ-ഓർത്തഡോക്സ് സഭകൾക്ക് സ്വാധീനമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.

ഇടത് വലത് മുന്നണികൾക്കിടയിലെ പ്രശ്നങ്ങൾക്കിടയിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണി അട്ടമറി വിജയം നേടുമോ എന്നാണ് രാഷ്ട്രീയ കേരളം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിൽ ഉയർത്തുന്ന പ്രധാനപ്പെട്ട ചോദ്യം.

( കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തിന്റെ സാഹചര്യത്തിൽ, കേരളാ കോൺഗ്രസ്സ് പാർട്ടികൾക്ക് സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളെക്കുറിച്ച് സീന്യൂസ് ലൈവ് നടത്തുന്ന ലേഖന പരമ്പര തുടരും)

ജോ കാവാലം.

ചുവടെയുള്ള പഴയ ലേഖനങ്ങൾ ദയവായി വായിക്കുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.