തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. പണമിടപാടില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്‍റെ മൊഴി പൊളിക്കുന്നതാണു സന്ദേശങ്ങള്‍.
ഇതുള്‍പ്പെടെയുള്ള തെളിവുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ നല്‍കിയത്.  ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് നിർണായക ചാറ്റുകൾ ഇഡിക്കു ലഭിച്ചത്. 2019 ഫെബ്രുവരി 8ാം തീയതിയുള്ള ചാറ്റു പ്രകാരം സ്വപ്ന 35 ലക്ഷം രൂപയുമായാണു വന്നതെന്നും ഇതിൽ എത്ര രൂപ ബാങ്കിൽ നിക്ഷേപിച്ചു എന്നുമുള്ള വിവരങ്ങൾ ശിവശങ്കറുമായി വേണുഗോപാൽ കൈമാറുന്നുണ്ട്.
ഇത്തരത്തിൽ സ്വപ്ന ഓരോ തവണ വേണുഗോപാലിനെ കാണുമ്പോഴും ശിവശങ്കറിനു സന്ദേശങ്ങൾ കൈമാറിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. എന്നാൽ വേണുഗോപാലുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നായിരുന്നു ഇഡിക്ക് ശിവശങ്കർ കൊടുത്ത മൊഴി. ഇരുവരും തമ്മിലുള്ള ചാറ്റുകൾ പുറത്തുവരുന്നതോടെ സ്വപ്നയുടെ പണമിടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നു എന്നാണു വ്യക്തമാകുന്നത്. സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ കോടതിക്കു കൈമാറിയ രഹസ്യരേഖയിലുണ്ടെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു.
വാട്സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതിലുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വ്യക്തമാക്കിയിരുന്നു. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോൾ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വൻതോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ പ്രവർത്തനമാണെന്നു കസ്റ്റംസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറും കോടതിയില്‍ പറഞ്ഞിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.