വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് പഴങ്ങൾ. എന്നാൽ ഈ പഴങ്ങളിൽ നിന്നു കിട്ടുന്ന പോഷകങ്ങൾ അഥവാ ന്യൂട്രിയന്റ്സ് ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിൽ എത്തുന്നുണ്ടോയെന്നു നമ്മൾ ഒന്ന് ചിന്തിക്കേണ്ടതുണ്ട്. 90 ശതമാനം ആളുകൾക്കും ഈ പഴങ്ങളിലേ പോഷകങ്ങൾ ശരിയായ രീതിയിൽ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും പഴങ്ങൾ എപ്പോഴെങ്കിലും കഴിച്ചാൽ മതിയെന്നാണ് നമ്മുടെ വിശ്വാസം. ഇത് ഗുണത്തിലധികം ദോഷം ചെയ്യുന്നു. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ താഴേ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
1. ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
ഭക്ഷണത്തിനുശേഷം മധുരം എന്നത് നമ്മുടെ ഒരു ശീലമാണ്. ഇതിനായി പലരും പലപ്പോഴും പഴങ്ങൾ തെരെഞ്ഞെടുക്കാറുണ്ട്. എന്നാൽ പഴങ്ങൾ ഭക്ഷണത്തിനുശേഷം കഴിക്കുന്നത് നല്ലതല്ല. സാധരണയായി പഴങ്ങൾ ദഹനം നടക്കുന്നതിന് നാല്‍പതു മുതൽ എണ്‍പത് മിനിറ്റ് സമയമെ ആവശ്യമുള്ളു. മറ്റു ഭക്ഷണങ്ങൾക്കു ശേഷം കഴിക്കുമ്പോൾ ദഹനം സാവധാനത്തിലാവുകയും വയറിനുള്ളിൽ അഴുകൽ പ്രക്രിയ അതായതു ഫെർമെന്റഷൻ നടക്കുകയും ചെയ്യുന്നു. ഇത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, അസിഡിറ്റി ഇവ ഉണ്ടാക്കുന്നു. മാത്രമല്ല പഴങ്ങളിലേ ചില പോഷകങ്ങൾ നഷ്ടപ്പെടുവാനും സാധ്യത ഉണ്ട്.
2. പഴങ്ങൾ എപ്പോൾ കഴിക്കണം?
പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്. പഴങ്ങളിലേ പോഷകങ്ങൾ ശരിയായ രീതിയിൽ ശരീരത്തിൽ ആഗീകരണം ചെയ്യുന്നതിനും ശരീരത്തിലെ വിഷവസ്തുക്കൾ എളുപ്പത്തിൽ പുറന്തള്ളുന്നതിനും ഇത് സഹായകമാണ്. ലഘുഭക്ഷണസമയങ്ങളിൽ അതായതു രണ്ടു മണിക്കൂർ ഉച്ചഭക്ഷണത്തിന് മുൻപോ പിമ്പോ പഴങ്ങള്‍ കഴിക്കാവുന്നതാണ്. എന്നാൽ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് നല്ലതല്ല.
3. പഴങ്ങൾ മുറിച്ചു സൂക്ഷിച്ചു വയ്ക്കരുത്
പഴങ്ങൾ ഫ്രിഡ്ജില്‍ കഷണങ്ങളായി മുറിച്ചു സൂക്ഷിക്കരുത്. ഇത് പഴത്തിന്റെ ഗുണങ്ങൾ കുറയുന്നതിന് കാരണമാകുന്നു. കഴിക്കുന്നതിന്റെ തൊട്ടു മുൻപ് കഷണങ്ങളാക്കുക. അല്ലെങ്കിൽ മുറിച്ചതിനു ഇരുപതു മിനിറ്റിനുള്ളിൽ കഴിക്കുവാൻ ശ്രമിക്കുക. മുറിച്ചു വച്ച് സൂക്ഷിച്ച പഴങ്ങൾ ദഹന പ്രശനങ്ങളും ചർമ്മ രോഗങ്ങളും ഉണ്ടാകുവാൻ ഇടയുണ്ട്.
4.സീസണൽ ആയി ലഭിക്കുന്ന പഴങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
നമ്മൾ ഏതു പ്രദേശത്താണോ താമസിക്കുന്നത് ആ പ്രദേശത്തു കൂടുതലായി ലഭിക്കുന്ന പഴങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇതിനു പോഷകങ്ങൾ ശരിയായി ആഗികരണം ചെയുവാൻ തദ്ദേശീയമലാത്ത പഴങ്ങളെക്കാള്‍ അധികം കഴിവുണ്ട്. പഴച്ചാറുകൾ ഉപയോഗിക്കുന്നതിലുമുപരി പഴങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം പഴച്ചാറുകളിൽ (ഫ്രൂട്ട് ജ്യൂസ്) നാരുകൾ (ഡൈയറ്ററി ഫൈബർ) വളരെ കുറവാണ്. നാരുകൾ എളുപ്പത്തിൽ ദഹനം നടക്കുവാൻ സഹായിക്കുന്ന ഒന്നാണ്. പഴങ്ങളിൽ ഫ്രക്ടോസ് എന്ന പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നില്ല. മാത്രമല്ല, പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ മൂലകങ്ങൾ നശിക്കാൻ ഇടയുണ്ട്. അതിനാൽ പഴങ്ങൾ, പഴങ്ങളായിത്തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം.
5.രാത്രി പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
ദഹന പ്രശനങ്ങൾ ഉണ്ടാകുവാനും ഉറക്കം കുറയുവാനും ഇതു കാരണമാകുന്നു. രാത്രി പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും ശരീര ഭാരം കൂടുന്നതിനും കാരണമാകുന്നു.
✍ അനുമോൾ ജോജി
ഡയറ്റീഷൻ - ചെന്നൈ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.