എക്സ്പോ 2020; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കി ഉദ്ഘാടനചടങ്ങ്

എക്സ്പോ 2020; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കി ഉദ്ഘാടനചടങ്ങ്

ദുബായ്: ലോകം കാത്തിരിക്കുന്ന എക്സ്പോ 2020യ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും. യുഎഇയുടെ 430 ഓളം കേന്ദ്രങ്ങളില്‍ ഉദ്ഘാടനചടങ്ങിന്‍റെ തല്‍സമയ പ്രക്ഷേപണമുണ്ടാകും.2013 ല്‍ എക്സ്പോയ്ക്ക് വേദിയാകാനുളള അവസരം കിട്ടിയത് മുതല്‍ 2021 ഒക്ടോബർ ഒന്നുവരെയുളള വിജയ യാത്രയുടെ സന്തോഷ സൂചകമായി മൂന്ന് ദിവസം തുട‍ർച്ചയായി കരിമരുന്ന് പ്രയോഗമുണ്ടാകും.

മധ്യപൂർവ്വ ദേശത്ത് എക്സ്പോയ്ക്ക് വേദിയാകുന്ന ആദ്യ രാജ്യമാണ് യുഎഇ. മാളുകളിലും വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലുമൊക്കെ ഉദ്ഘാടചടങ്ങ് തല്‍സമയം വീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. virtualexpo.world വെബ്സൈറ്റിലൂടെ  ലോകത്ത് എവിടെയിരുന്നും എക്സ്പോ ആസ്വദിക്കാം. വൈകീട്ട് 7.30 മുതലാണ് തല്‍സമയ പ്രക്ഷേപണം ലഭ്യമാകുക.

എക്സ്പോ ടിവിയിലും തല്‍സമയ സംപ്രേഷണമുണ്ടാകും. ലോക പ്രശസ്ത താരം ആന്‍ഡ്രിയ ബോസെല്ലി,ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ച ആന്ധ്രഡെ, ബ്രിട്ടീഷ് പാട്ടുകാരന്‍ എല്ലെ ഗൗല്‍ഡിംഗ്, പിയാനിസ്റ്റ് ലാംഗ് ലാങ്ങ്, നാല് തവണ ഗ്രാമി പുരസ്കാരം നേടിയ ആന്‍ജലി കിഡ്ജോ എന്നിവരാണ് ഉദ്ഘാടന വേദിയിലെ പ്രധാന ആക‍ർഷണങ്ങള്‍.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദ ഫ്രെയിം, ദ പോയിന്‍റെ, പാം ജുമൈറ, തുടങ്ങിയ ഇടങ്ങളില്‍ വെള്ളിയാഴ്ച കരിമരുന്ന് പ്രയോഗമുണ്ട്. ഫ്രെയിം എക്സ്പോ നിറങ്ങളില്‍ തിളങ്ങും. ദ പോയിന്‍റെയിലും ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലും എക്സ്പോ 2020 തീമിലൊരുങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്‍റ് സൗണ്ട് ഷോ നടക്കും. എമ്മാ‍ർ റോവ്, അഡ്രസ് ഹോട്ടല്‍ ആന്‍റ് റിസോർട്സ്, വിദാ ഹോട്ടല്‍ ആന്‍റ് റിസോർട്സ്, അക്വൗർ,മാരിയറ്റ്, ഹില്‍ട്ടണ്‍,ഐഎച്ച്ജി, റോത്താന, ജുമൈറ, ഹയാത്ത് ഇന്‍റർനാഷണല്‍, അത്ലാന്‍റിസ് ദി പാം എന്നിവിടങ്ങളിലും ഉദ്ഘാടന ചടങ്ങ് തല്‍സമയം വീക്ഷിക്കാനുളള സൗകര്യമൊരുക്കും.

17 മാജിദ് അല്‍ ഫുത്തൈം മാളുകളിലും, പ്ലസ് സിറ്റി വാക്കിലും,നഖീല്‍ -ഇബിന്‍ ബത്തൂത്ത മാളുകളിലും, 50 ജഷന്‍മാള്‍ കേന്ദ്രങ്ങളിലും സൗകര്യമുണ്ട്. ദുബായ് അബുദബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിരുന്നും ചടങ്ങ് തല്‍സമയം വീക്ഷിക്കാം. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് എക്സ്പോ കാണാനുളള ടിക്കറ്റുകള്‍ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.