തൃശൂര്‍ സ്വദേശിനി ഡെലീഷ്യ ഇനി ദുബായിൽ ട്രെയിലർ ഓടിക്കും

 തൃശൂര്‍ സ്വദേശിനി  ഡെലീഷ്യ  ഇനി  ദുബായിൽ ട്രെയിലർ ഓടിക്കും

ദുബായ്:  കേരളത്തിലെ നിരത്തുകളില്‍ ടാങ്കര്‍ ലോറി ഓടിച്ചിരുന്ന തൃശൂര്‍ സ്വദേശിനി ഡെലീഷ്യ ഇനിമുതൽ ദുബായിൽ ട്രെയിലർ ഓടിക്കും. കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് 12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി എത്തിയിരുന്ന 23കാരി ഡെലീഷ്യയെ കുറിച്ചുള്ള വാര്‍ത്തകൾ വൈറൽ ആയിരുന്നു. ഒരു സ്വകാര്യ ചാനൽ നടത്തിയ  പരിപാടിയിൽ ഡെലീഷ്യ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് മാധ്യമങ്ങളിൽ വാര്‍ത്തയായതും അതുവഴി വിദേശത്ത് ജോലിക്കുള്ള അവസരമൊരുങ്ങിയതും.

കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറിയാണ് ഡെലീഷ്യ ഓടിച്ചിരുന്നതെങ്കില്‍  ദുബായിൽ 60,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ട്രെയിലറാണ് ഓടിക്കുക.രണ്ടു വര്‍ഷത്തെ കരാറിലാണ് ജോലി ലഭിച്ചിരിക്കുന്നത്.

ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന പിതാവ് ഡേവിസിനൊപ്പം കുട്ടിക്കാലം മുതലേ ടാങ്കർ ലോറിയിൽ നടത്തിയ യാത്രകളാണ് ഡെലീഷ്യയെ ഡ്രൈവിംഗ് സീറ്റിലേക്കെത്തിച്ചത്. പതിനെട്ടാം വയസിൽ ആദ്യശ്രമത്തില്‍ തന്നെ ലൈറ്റ് മോട്ടോര്‍ വെഹിക്കിൾ ലൈസന്‍സും ഇരുപതാം വയസിൽ ഹെവി ലൈസന്‍സും ഡെലീഷ്യ സ്വന്തമാക്കി.

ഡ്രൈവിങ്ങിനൊപ്പം പഠനത്തിലും മിടുക്കിയായ ഡെലീഷ്യ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.