തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏഴായിരം കോവിഡ് മരണങ്ങള്‍ കൂടി ഔദ്യോഗികമായി പട്ടികയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മരണക്കണക്ക് ഒളിപ്പിക്കുന്നു വെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സര്‍വേ പഠനത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ഇന്ന് തയാറാകുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. പട്ടികയില്‍ ഇല്ലാത്ത മരണങ്ങള്‍ ഉള്‍പെടുത്താന്‍ പോര്‍ട്ടല്‍ തുടങ്ങിയെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ അറിയിച്ചു. അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും. ഇക്കാര്യത്തില്‍ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകും. 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിര്‍ദേശം വന്ന ഉടന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി തുടങ്ങിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാന തലത്തില്‍ നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ജില്ലാ തലത്തില്‍ ഓണ്‍ലൈനാക്കി മാറ്റിയതിന് മുന്‍പുള്ള 7000 മരണങ്ങളാണ് വിട്ടുപോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷ വിമര്‍ശനം കടുത്തതോടെയാണ് ഇവ പരിശോധിച്ചത്. മേനി നടിക്കാന്‍ മരണങ്ങള്‍ ഒഴിവാക്കുന്നുവെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യ കോവിഡ് മരണമുണ്ടായ 2020 മാര്‍ച്ച് മുതല്‍ റിപ്പോര്‍ട്ടിങ് ഓണ്‍ലൈനായ 2021 ജൂണ്‍ വരെ 14 മാസങ്ങള്‍ക്കുള്ളില്‍ നടന്നതാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയ 7000 മരണങ്ങളും. ശരാശരി ഓരോ മാസവും 500 മരണം വീതം പുറത്തായി. മെയിലാണ് ഏറ്റവും കൂടുതല്‍ പട്ടികയില്‍പ്പെടാതെ പോയത്.
രേഖകള്‍ പരിശോധിച്ചപ്പോഴാണ് പട്ടികയ്ക്ക് പുറത്തായ കോവിഡ് മരണങ്ങളുടെ കാര്യം വ്യക്തമായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളുടെ അഭാവം കൊണ്ട് വിട്ടു പോയതാകാമെന്നും ഇത് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒഴിവാക്കപ്പെട്ട മരണങ്ങളുടെ വിവരം കണക്കുകള്‍ സഹിതം പുറത്തു വിട്ട പ്രതിപക്ഷം ഇതേ വിഷയങ്ങളില്‍ വീണ്ടും നിലപാട് ശക്തമാക്കുകയായിരുന്നു. വിട്ടുപോയ മരണം പ്രസിദ്ധീകരിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് എന്താണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. സര്‍ക്കാര്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന 7000ന് പുറമെ കേന്ദ്ര മാര്‍ഗ നിര്‍ദേശമനുസരിച്ച് 30 ദിവസത്തിനുള്ളിലെ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മരണപ്പട്ടിക ഇനിയും ഉയരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.