മുലപ്പാൽ സംഭരിക്കൂ സൂക്ഷിക്കൂ; കുഞ്ഞു കുടിക്കട്ടെ മതിയാവോളം

മുലപ്പാൽ സംഭരിക്കൂ സൂക്ഷിക്കൂ; കുഞ്ഞു കുടിക്കട്ടെ മതിയാവോളം

ജോലിയുള്ള അമ്മമാർ പലപ്പോഴും പ്രസവം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു തുടങ്ങുമ്പോൾ മുലപ്പാൽ പിഴിഞ്ഞ് കളയുന്നവരാണ്. കുഞ്ഞിന് അവകാശപ്പെട്ട പാൽ പിഴിഞ്ഞ് കളഞ്ഞ്, കുഞ്ഞിന് കൃത്രിമമായ പാല്‍ കൊടുക്കുന്നു. എന്നാല്‍ ഈ കാര്യത്തിൽ ഞാൻ ചെയ്ത്‌ വിജയിച്ച രീതി എല്ലാവരുമായും പങ്കുവയ്ക്കുന്നു.

ആദ്യത്തെ പ്രസവം കഴിഞ്ഞ് ജോലി രാജി വച്ചത് കൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന് ഞാൻ ജോലി രാജിവെക്കുന്നില്ല എന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. വാർഷിക അവധി ഉള്‍പ്പെടെ പ്രസവത്തിനു മൂന്ന് മാസം അവധി എടുത്തു. പ്രസവം കഴിഞ്ഞ് കുഞ്ഞിന്റെകൂടെ കൂടുതൽ ദിവസങ്ങൾ കിട്ടുന്നതിനുവേണ്ടി സിസേറിയന്റെ തലേ ദിവസം വരെ ഓഫീസിൽ പോയി. പക്ഷെ മൂന്ന് മാസം കഴിഞ്ഞ് എങ്ങനെ കുഞ്ഞിനെ പിരിഞ്ഞിരിക്കും എന്നും എങ്ങനെ പാല് കൊടുക്കും എന്നും ഉള്ള ചിന്തകള്‍ അലട്ടിയിരുന്നു. ആ സമയത്താണ് മുലപ്പാൽ സംഭരണത്തെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. ഓൺലൈനിൽ അന്വേഷിച്ചപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലെ അമ്മമാരുടെ പോസ്റ്റുകൾ മാത്രമേ എനിക്ക് കാണുവാൻ സാധിച്ചുള്ളൂ. പാശ്ചാത്യ രാജ്യങ്ങളിലെ അമ്മമ്മാര്‍ സ്വന്തം കുഞ്ഞിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പാൽ സംഭാവന ചെയ്യാറുണ്ട് എന്ന് കൂടി കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ചു, എന്റെ കുഞ്ഞിന് ഞാൻ ജോലിക്ക് പോകുന്നു എന്ന കാരണം കൊണ്ട് മുലപ്പാൽ കൊടുക്കാതിരിക്കില്ല. പ്രസവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ മാനുവൽ പമ്പ് ഉപയോഗിച്ച് പാൽഎടുത്ത് സൂക്ഷിക്കുവാൻ തുടങ്ങി. അമ്പത് എം എൽ കുപ്പികളിൽ ആയിരുന്നു ആദ്യം സൂക്ഷിച്ചിരുന്നത്. മുലപ്പാൽ സൂഷിക്കുന്ന കുപ്പികളും സഞ്ചിയും വാങ്ങുവാൻ കിട്ടും. പമ്പ് ചെയ്ത് തുടങ്ങുമ്പോൾ വേദന തോന്നുമെങ്കിലും അത് പതിയെ കുറയും. വീട്ടിൽ കുഞ്ഞിന്റെ കൂടെ ആയിരിക്കുമ്പോൾ പമ്പ് ചെയ്താൽ പാല്‍ കിട്ടണമെന്നും അത് കുഞ്ഞ് കുടിക്കണമെന്നും ഇല്ല. ഞാൻ പമ്പ് ചെയ്ത് പാൽ കുപ്പിയിൽ കൊടുത്താൽ ഒരു തവണ പോലും മോൻ കുടിച്ചിട്ടില്ല. (അമ്മയുടെ മണം കിട്ടിയാൽ, അമ്മ വീട്ടിൽ ഉണ്ടെന്ന് മനസ്സിലായാൽ ചില കുഞ്ഞുങ്ങൾ കുപ്പിയിൽ നിന്നും കുടിക്കില്ല എന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി) അവൻ കുപ്പിയിൽ നിന്നും കുടിക്കില്ല എന്ന വിഷമത്തോടെയാണ് ആദ്യ ദിവസം ഓഫീസിൽ പോയത്. പക്ഷെ ഒരു മടിയും ഇല്ലാതെ എന്റെ അമ്മ കൊടുത്തപ്പോൾ അവൻ പാല്‍ കുടിച്ചു.

മുലപ്പാൽ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം പമ്പ് വാങ്ങുക, പിന്നെ സൂക്ഷിക്കാൻ ഉള്ള കുപ്പികളും. മൂന്ന് മാസം ഉള്ള കുട്ടികൾ ഒരു തവണ അമ്പത് എംഎൽ പാലു മാത്രമേ കുടിക്കൂ. അതുകൊണ്ട് ആ അളവിൽ മാത്രം സൂക്ഷിക്കുന്നതാണ് നല്ലത്. പമ്പ് ചെയ്ത് ശീതികരിച്ച പാല്‍ ഫ്രീസറിൽ ആറ് മാസം വരെ സൂക്ഷിക്കാം. ആദ്യം പമ്പ് ചെയ്യുന്നത് ആദ്യം കൊടുക്കുന്നത് പോലെ ക്രമീകരിച്ച് വയ്ക്കണം. അല്ലെങ്കിൽ തീയതി എഴുതിവയ്ക്കാം. ജോലി സ്ഥലത്ത്നിന്ന് പമ്പ് ചെയ്യുന്നത് വീട്ടിൽ കൊണ്ടുവരാൻ ശീതികരണ സഞ്ചിയും ഏതാനും 500 എംഎൽ കുപ്പികളും വാങ്ങിക്കണം. ഞാന്‍ സാധാരണ രണ്ട് മണിക്കൂർ കൂടുമ്പോൾ പാല്‍ പമ്പ് ചെയ്യുമായിരുന്നു. വീട്ടിൽ വരുമ്പോൾ പാൽ അമ്പത് എംഎൽ കുപ്പിയിലേക്ക് മാറ്റി ഫ്രീസറിൽ വയ്ക്കും. അടുത്ത ദിവസം കൊടുക്കാനുള്ളത് ഫ്രീസിംഗ്‌ മാറാൻ തലേദിവസം തന്നെ ഫ്രീസറിൽനിന്നും മാറ്റി ഫ്രിഡ്ജിൽ വയ്ക്കും. കുഞ്ഞിന് കൊടുക്കാൻ നേരം ചെറുചൂട് വെള്ളത്തിൽ കുപ്പി ഇറക്കി വെച്ച് ശരീര ഊഷ്മാവിൽ ചൂടാക്കി പാൽ കുപ്പിയിൽ ഒഴിച്ച് കൊടുക്കാം. പമ്പ് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിന് മുൻപും കൈകള്‍ നന്നായി കഴുകുക. ഓരോ തവണയും കുപ്പിയും പമ്പും തിളയ്ക്കുന്ന വെള്ളത്തിൽ കുറച്ച് സമയം അണുനശീകരണത്തിനു വേണ്ടി വച്ചതിനുശേഷം, തുടച്ച് വൃത്തിയാക്കി എടുക്കണം.

ഒന്ന് മനസ്സ് വെച്ചാൽ നമ്മൾ ജോലിക്ക് പോകുമ്പോഴും കുഞ്ഞിന് അമ്മയുടെ പാല് കുടിക്കാം. പിഴിഞ്ഞ് കളയുമ്പോഴുളള മാനസ്സിക വിഷമം ഉണ്ടാകുകയുമില്ല. പകരം കുഞ്ഞ് മുലപ്പാൽ തന്നെ കുടിച്ച് സന്തോഷത്തോടെയും ആരോഗ്യത്തോടെയും വളരും. കുഞ്ഞിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണം മുലപ്പാൽ തന്നെയാണ്. ഞാൻ ഒരു വയസ്സുവരെ പമ്പ് ചെയ്തും വീട്ടിൽ ഉള്ളപ്പോൾ മുലയൂട്ടിയും, മൂന്ന് വയസ്സ് ആകുന്നതുവരെ കുട്ടിക്ക് മുലപ്പാൽ കൊടുത്തു. ഒരു വർഷം പമ്പ് ചെയ്യ്തപ്പോഴേക്കും, ഗർഭിണി ആയിരുന്നപ്പോൾ കൂടിയ ഇരുപത്തിയഞ്ചു കിലോ തൂക്കം കുറഞ്ഞ് പഴയ തൂക്കം തന്നെ ആയി എന്നതും സന്തോഷമുളള കാര്യം ആണ്.


രഞ്ചു ആന്റണി

ദുബായ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.