മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് വ്യവസായ മേഖലയിലെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി സര്‍ക്കാര്‍ ഉത്തരവായി (ജി.ഓ.(പ്രിന്റ്)നം.83/2020/എല്‍ബിആര്‍, തീയതി 22.10.2020). മാനേജര്‍ തസ്തികയ്ക്ക് പ്രതിമാസം 15090 രൂപയായും സെയില്‍സ് എക്‌സിക്യൂട്ടീവ്/ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്/ക്രെയിന്‍ ഓപ്പറേറ്റര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 14370 രൂപയായും ക്ലാര്‍ക്ക്/ ഓഫീസ് അസിസ്റ്റന്റ് / അക്കൗണ്ടന്റ്/ സെയില്‍സ്മാന്‍/ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍/ ഡ്രൈവര്‍ എന്നീ വിഭാഗക്കാര്‍ക്ക് 13690 രൂപയായും ക്ലീനര്‍/ഹെല്‍പ്പര്‍/ വാച്ച്മാന്‍/ സ്വീപ്പര്‍ എന്നിവര്‍ക്ക് 13040 രൂപയായുമാണ് പുതുക്കിയ കൂലി നിരക്ക്. പോളിഷര്‍/കട്ടര്‍ എന്നിവര്‍ക്ക് 600 രൂപയും ലോഡിംഗ് ആന്റ്് അണ്‍ലോഡിംഗ് വിഭാഗം തൊഴിലാളികള്‍ക്ക് 640 രൂപയുമാണ് പ്രതിദിന അടിസ്ഥാന വേതനം നിശ്ചയിച്ചിരിക്കുന്നത്. കയറ്റിറക്ക് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗത്തിലുള്ള ഗ്രാനൈറ്റ് സ്ലാബ് തൊഴിലാളികള്‍ക്കും മാര്‍ബിള്‍ സ്ലാബ് തൊഴിലാളികള്‍ക്കും ടണ്‍ ഒന്നിന് 400 രൂപയും ഗ്രാനൈറ്റ്/ മാര്‍ബിള്‍ പീസ് , ടൈല്‍സ് വിഭാഗം തൊഴിലാളികള്‍ക്ക് ടണ്‍ ഒന്നിന് 290 രൂപയായും അടിസ്ഥാന വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
അടിസ്ഥാന വേതനത്തിന് പുറമേ എല്ലാ തൊഴിലാളികള്‍ക്കും സംസ്ഥാന ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ഉപഭോക്തൃ വില സൂചികയിലെ 300 പോയിന്റിന്‍മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും യഥാക്രമം മാസശമ്പളക്കാര്‍ക്ക് 26 രൂപയും ദിവസ വേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. ഒരു സ്ഥാപനത്തില്‍ അല്ലെങ്കില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷമോ അതിലധികമോ സേവനകാലയളവുള്ള പ്രതിമാസ ശമ്പളക്കാരും ദിവസവേതനക്കാരുമായ തൊഴിലാളികള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെവരെയുള്ള സേവന കാലയളവിന് അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനവും 10 വര്‍ഷം മുതല്‍ 15 വര്‍ഷത്തില്‍ താഴെ വരെ സേവന കാലയളവുള്ളവര്‍ക്ക് അടിസ്ഥാന വേതനത്തിന്റെ 10 ശതമാനവും 15 വര്‍ഷമോ അതിനു മുകളിലോ സേവനകാലയളവുള്ളവര്‍ക്ക് അടിസ്ഥാന വേതനത്തിന്റെ 15 ശതമാനവും സര്‍വ്വീസ് വെയിറ്റേജായി അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം. വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് അപ്രകാരമുള്ള ഉയര്‍ന്ന വേതനത്തിന് തുടര്‍ന്നും അര്‍ഹതയുണ്ട്. മാസശമ്പളം നിശ്ചയിച്ചിട്ടുള്ള തൊഴിലാളി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ദിവസ വേതനം കണക്കാക്കുന്നത് ബന്ധപ്പെട്ട തൊഴിലാളിക്ക് / തൊഴിലാളി വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചും ദിവസവേതനം നിശ്ചയിച്ചിട്ടുള്ള തൊഴിലാളി വിഭാഗത്തിന് അര്‍ഹതപ്പെട്ട ദിവസ വേതനം കണക്കാക്കുന്നത് ബന്ധപ്പെട്ട തൊഴിലാളിക്ക് / തൊഴിലാളി വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട ദിവസ വേതനത്തെ 26 കൊണ്ട് ഗുണിച്ചും ആയിരിക്കും.
1978-ലെ കേരള ചുമട്ടു തൊഴിലാളി ആക്റ്റിലെ (1980-ലെ 20) ഒന്‍പതാം വകുപ്പു പ്രകാരം വേതനം നിശ്ചയിച്ചിട്ടുള്ളിടത്ത് ഈ വിജ്ഞാപന പ്രകാരം നിശ്ചയിച്ച വേതന നിരക്കുകളേക്കാള്‍ കൂടുതല്‍ വേതനം കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അങ്ങിനെയുള്ള ഉയര്‍ന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.