മഴക്കെടുതി; നിയമസഭാ സമ്മേളനം പുനക്രമീകരിക്കാന്‍ തീരുമാനം

മഴക്കെടുതി; നിയമസഭാ സമ്മേളനം പുനക്രമീകരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: നിയമസഭാ സമ്മേളന ദിനങ്ങള്‍ പുനക്രമീകരിച്ചേക്കും. കേരളം ശക്തമായ പ്രളയക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ കാര്യ പരിപാടികളില്‍ മാറ്റം വരുത്താനാണ് ആലോചന. വ്യാഴാഴ്ച്ച ചേരുന്ന കാര്യോപദേശക സമിതിയില്‍ അന്തിമ തീരുമാനമുണ്ടാകും.

പ്രളയബാധിത പ്രദേശങ്ങളിലെ എം.എല്‍.എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് നേതൃത്വം വഹിക്കുന്നതിനാല്‍ അവര്‍ ഒഴിച്ചുള്ള എം.എല്‍.എമാര്‍ കൂടിച്ചേര്‍ന്ന് സഭ നടത്തുകയും കാര്യോപദേശക സമിതി കൂടി തുടര്‍ നടപടികളില്‍ മാറ്റം വരുത്താനുമാണ് തീരുമാനം.

ഇത്തരത്തില്‍ 20ാം തീയതി സഭ ചേരുന്നതിന് ക്വാറം തികയാന്‍ ആവശ്യമായ എം.എല്‍.എമാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികള്‍ പുനരാരംഭിക്കുകയും തുടര്‍ന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെക്കാനുമാണ് ആലോചിക്കുന്നത്.

ഇതിനിടെ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്.

എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകള്‍ തുറക്കുക. ഇടുക്കി ഡാമിന്റെ ഷട്ടര്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തുറക്കും. ഇടമലയാറിന്റേത് രാവിലെ ആറ് മണിക്ക് തുറന്നു. പമ്പാ ഡാം തുറക്കാനുള്ള സമയം ഇന്ന് തീരുമാനിക്കും.

ഡാമുകള്‍ തുറക്കുമ്പോള്‍ വേണ്ട ജാഗ്രത നിര്‍ദേശം എല്ലായിടത്തും നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബുധനാഴ്ച്ച മുതല്‍ സംസ്ഥാനത്ത് മഴ തുടങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സഭസമ്മേളനമടക്കം മാറ്റിവെയ്ക്കാന്‍ നിയമസഭ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.