പൂനെ: സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അധ്വാനിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ പ്രായമേറുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഈ ആഗ്രഹത്തിനു വിഘാതമായി നില്‍ക്കാറുണ്ട്. തന്റെ പരിമിതികളെ വ്യത്യസ്തമായ രീതിയില്‍ മറികടക്കുന്ന വയോധികയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. പേന വിറ്റ് ജീവിക്കുന്ന ഈ മുത്തശ്ശി വൈറലാവാന്‍ കാരണമുണ്ട്.
പൂനെയില്‍നിന്നാണ് പ്രചോദനാത്മകവും ഹൃദയസ്പര്‍ശിയുമായ കഥ പുറത്തുവന്നിരിക്കുന്നത്. വില്‍ക്കാന്‍ വച്ചിരിക്കുന്ന പേനകളുമേന്തി പുഞ്ചിരിയോടെ നില്‍ക്കുന്ന രതന്‍ എന്ന മുത്തശ്ശിയാണ് ചിത്രത്തിലുള്ളത്. പേനകള്‍ക്കൊപ്പം കക്ഷി കയ്യിലേന്തിയ പ്ലക്കാര്‍ഡാണ് പലരുടേയും ഹൃദയം സ്പര്‍ശിച്ചത്. എനിക്ക് ഭിക്ഷ യാചിക്കാന്‍ താല്‍പര്യമില്ല, ദയവു ചെയ്ത് പത്തുരൂപ നല്‍കി പേനകള്‍ വാങ്ങൂ, എന്നാണ് കാര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
ശിഖ രതി എന്ന പെണ്‍കുട്ടി രതന്റെ ചിത്രം സഹിതം കുറിപ്പ് പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. ഇന്ന് ഞാന്‍ രതന്‍ എന്ന ഒരു യഥാര്‍ഥ ഹീറോയെയും ചാമ്പ്യനെയും പരിചയപ്പെട്ടു എന്നു പറഞ്ഞാണ് ശിഖ ചിത്രം പങ്കുവെച്ചത്. രതന്റെ ആര്‍ജവവും മധുരമൂറുന്ന പുഞ്ചിരിയും അനുകമ്പയാര്‍ന്ന ഹൃദയവുമൊക്കെ കൂടുതല്‍ പേനകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുവെന്ന് ശിഖ കുറിക്കുന്നു. രതന്റെ ജീവിതം അംഗീകരിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണെന്നും ശിഖ കുറിച്ചു. എംജി റോഡ് വഴി പോകുന്നവര്‍ രതന്റെ പേന വാങ്ങി സഹായിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
നിരവധി പേരാണ് കുറിപ്പിനു കീഴെ രതന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അധ്വാനിച്ചു ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ എത്ര പ്രായമായാലും അതിനുള്ള വഴി കണ്ടെത്തുമെന്ന് പലരും കമന്റ് ചെയ്തു. യാചിക്കാന്‍ താല്‍പര്യമില്ലാതെ ആത്മാഭിമാനം കൈവിടാതെ ജോലി ചെയ്യുന്ന രതനെ അഭിനന്ദിച്ചേ മതിയാവൂ എന്നും കമന്റ് ചെയ്യുന്നവരുണ്ട്.
രതന്റെയും അവരുടെ പേനകളടങ്ങിയ പെട്ടിയുടെയും ചിത്രം ട്വിറ്ററില്‍ എംപി വിജയ സായി റെഡ്ഡിയും പങ്കുവെച്ചു. 'പൂനെയില്‍ നിന്നുള്ള രതന്‍ എന്ന അമ്മ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെ കഠിനാധ്വാനം ചെയ്ത് അന്നന്നേയ്ക്കുള്ള പണം സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവരുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.