ശമ്പളം വൈകിയതിനാല്‍ ചികിത്സ നീട്ടിവെച്ചു; ഡ്രൈവിങിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണു

ശമ്പളം വൈകിയതിനാല്‍ ചികിത്സ നീട്ടിവെച്ചു; ഡ്രൈവിങിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണു

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ കോട്ടയം വൈക്കം എഴുമുക്ക് തുരുത്തില്‍ എന്‍.ജി. ബിജു(44) ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് സമീപമാണു കുഴഞ്ഞു വീണത്. കോവിഡനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഈ മാസം ആദ്യം പരിശോധനയ്ക്കു പോകേണ്ടതായിരുന്നു. എന്നാല്‍, ശമ്പളം കിട്ടാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ലെന്നു ബിജു പറയുന്നു.

കുഴഞ്ഞ് വീഴുന്നതിന് തൊട്ടു മുമ്പ് വണ്ടി നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബസ് നിന്നതും കുഴഞ്ഞ് വീണതും ഒരേ സമയത്തായിരുന്നു. ഉടന്‍ തന്നെ ബസില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പ്രഥമ ശുശ്രൂഷ നല്‍കി. ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും അതുവഴി വന്ന വാഹനങ്ങള്‍ ഒന്നും തന്നെ നിര്‍ത്തിയില്ല. ഇതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് ഡ്രൈവര്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബിജുവിനെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ശമ്പളം കിട്ടിയശേഷം ചികിത്സതേടാമെന്ന പ്രതീക്ഷയിലാണ് ബിജു ജോലിയില്‍ തുടര്‍ന്നത്. ബുദ്ധിമുട്ടു തോന്നിയപ്പോള്‍ വേഗം കുറച്ച് വണ്ടിവശത്തേക്കു മാറ്റിയെന്നും പിന്നീടൊന്നും ഓര്‍മയില്ലെന്നും ബിജു പറഞ്ഞു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ജി. പ്രദീപാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.