അസീസിയില്‍ അഗതികളോടു സഹവസിച്ചും പ്രാര്‍ത്ഥിച്ചും, അവര്‍ക്കു സമ്മാനങ്ങളേകിയും ഫ്രാന്‍സിസ് മാര്‍പാപ്പ

 അസീസിയില്‍ അഗതികളോടു സഹവസിച്ചും പ്രാര്‍ത്ഥിച്ചും, അവര്‍ക്കു സമ്മാനങ്ങളേകിയും ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അഗതികള്‍ക്കായുള്ള അഞ്ചാമത് ലോക ദിനം നവംബര്‍ 14 ഞായറാഴ്ച ആഘോഷിക്കുന്നതിന് തുടക്കമിട്ട് ഉപവിയുടെയും കാരുണ്യത്തിന്റെയും തരംഗങ്ങളുണര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ പട്ടണമായ അസ്സീസി സന്ദര്‍ശിച്ചു. അസീസിയയിലെ വിശുദ്ധ ഫ്രാന്‍സിസ്, സെന്റ് ക്ലെയര്‍, വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് എന്നിവരുടെ ജീവിതത്തിലൊഴുകിയ ജീവകാരുണ്യം അനുസ്മരിച്ചുകൊണ്ട് അഞ്ഞൂറ് അഗതികളോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച മാര്‍പാപ്പ അവരോടൊപ്പം ആഹാരം കഴിച്ചു; സമ്മാനങ്ങളും നല്‍കി.

ക്ലാര സഭയുടെ മിണ്ടാമഠത്തില്‍ നിരന്തര പ്രാര്‍ത്ഥനയിലൂടെ സഭയെ സേവിക്കുന്ന കന്യാസ്ത്രീകളെ അപ്രതീക്ഷിതമായി സന്ദര്‍ശിച്ച ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഗതികളോടൊപ്പമുള്ള അര്‍ദ്ധ ദിവസത്തിലേക്കു കടന്നത്. പാവപ്പെട്ടവരുടെ പ്രതിനിധിയായി കാത്തു നിന്നിരുന്ന ഒരാള്‍ തീര്‍ത്ഥാടകന്റെ വടിയും മേലങ്കിയും സമ്മാനിച്ച് സെന്റ് മേരി ഓഫ് ദ ഏഞ്ചല്‍സ് ബസിലിക്കയിലേക്ക് പാപ്പായെ വരവേറ്റു, അവിടെ ഉണ്ടായിരുന്നവരെല്ലാം സെന്റ് ഫ്രാന്‍സിസിന്റെ പട്ടണത്തില്‍ വന്ന തീര്‍ഥാടകരാണെന്ന സന്ദേശമേകാന്‍.

തുടര്‍ന്ന്, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം അഗതികള്‍ ഉള്‍പ്പെടുന്ന സംഘവുമായി മാര്‍പാപ്പ സംഭാഷണം നടത്തി. ഭവനരഹിതരും തൊഴിലില്ലാത്തവരും കുടിയേറ്റക്കാരുമെല്ലാമായിരുന്നു അവിടെ സന്നിഹിതരായിരുന്നത്. വിഭവസമൃദ്ധമായ ലഘുഭക്ഷണവുമുണ്ടായിരുന്നു. തുടര്‍ന്ന് അവരോടൊപ്പം സ്തുതിഗീതവും ദൈവവചനവും നിറഞ്ഞ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കു ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി.

അസീസിയുമായി അടുത്ത ബന്ധമുള്ള വിശുദ്ധ ഫ്രാന്‍സിസ്, സെന്റ് ക്ലെയര്‍, വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് എന്നിവരുള്‍പ്പെടെ നിരവധി വിശുദ്ധന്മാര്‍ തങ്ങളുടെ ജീവിതം കര്‍ത്താവിന്റെ ശബ്ദം പിന്തുടര്‍ന്ന് പാവപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി സമര്‍പ്പിച്ചവരാണെന്ന് പ്രാര്‍ത്ഥനാ ശുശ്രൂഷ ഉദ്ഘാടനം ചെയ്തുകൊണ്ട് പാപ്പാ അനുസ്മരിച്ചു.' ഏറ്റവും ആവശ്യമുള്ളവരുടെ സേവനത്തിനായി സമര്‍പ്പിക്കാനുള്ള സന്നദ്ധത അടുത്ത വര്‍ഷവും എല്ലാവര്‍ക്കും പുതുക്കാന്‍ കഴിയട്ടെ'- അദ്ദേഹം പ്രാര്‍ത്ഥിച്ചു.

'ദരിദ്രരുടെ സാന്നിധ്യത്തില്‍ തളരരുത്'

ദരിദ്രര്‍ നമുക്കൊപ്പം ഉണ്ടായിരിക്കുമെന്നും നമ്മുടെ ദൈനംദിന അപ്പം പരസ്പരം പങ്കുവെക്കണമെന്നും ശിഷ്യന്മാരെ യേശു ഓര്‍മ്മിപ്പിച്ച മാര്‍ക്കോസിന്റെ സുവിശേഷ (14:39) ഭാഗം ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ധരിച്ചു.ദരിദ്രരുടെ സാന്നിധ്യത്തില്‍ ഒരിക്കലും തളരരുതെന്ന സന്ദേശമാണ് യേശു നല്‍കിയത്. 'അങ്ങ് നല്‍കുന്ന സ്വാതന്ത്ര്യവും അപ്പവും ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ; തന്നെത്തന്നെ നല്‍കിയവന്റെ രീതിയില്‍ നല്‍കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ'- അസ്സീസിയില്‍ സംഗമിച്ച ദരിദ്രരെയും സന്നദ്ധസേവകരെയും കൈകള്‍ നീട്ടി അനുഗ്രഹിക്കവേ മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനാ ശുശ്രൂഷയുടെ അവസാനം വസ്ത്രങ്ങള്‍, ഷൂ, ജാക്കറ്റ്, മാസ്‌ക് തുടങ്ങിയവ നിറച്ച ഓരോ ബാക്ക്പാക്ക് ബാഗ് ഫ്രാന്‍സിസ് മാര്‍പാപ്പ , എല്ലാവര്‍ക്കും സമ്മാനിച്ചു. തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന പോര്‍സ്യുങ്കുലയില്‍ നിന്ന് എടുത്ത ഒരു കല്ല് അദ്ദേഹം അനുഗ്രഹിച്ചു. അത് ഭവനരഹിതര്‍ക്കുള്ള അഭയ കേന്ദ്രത്തിന്റെ ആധാരശിലയാകും. മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങവേ സ്‌പെല്ലോ പട്ടണത്തിലെ പാവപ്പെട്ടവരുടെ ക്ലാര കോണ്‍വെന്റില്‍ താമസിക്കുന്ന കന്യാസ്ത്രീകളോടൊപ്പമാണ് ഉച്ചഭക്ഷണം കഴിച്ചത്.

ക്രിസ്തുവിന്റെ കണ്ണുകളിലൂടെയെന്നതുപോലെ ദരിദ്രരെ വീക്ഷിക്കേണ്ടതെങ്ങനെയെന്നാണ് അഗതി സമൂഹത്തോടൊപ്പം സഹവസിക്കവേ ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിച്ചുതന്നതെന്ന് സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ ന്യൂസിനോട് സംസാരിച്ച അസീസി ആര്‍ച്ച്ബിഷപ്പ് ഡൊമെനിക്കോ സോറന്റിനോ പറഞ്ഞു.'ഏറ്റവും ആവശ്യമുള്ളവരോടുള്ള നമ്മുടെ സ്‌നേഹം സ്ഥിരതയുള്ള മനോഭാവമായി മാറണം. ദാനധര്‍മ്മം നിരന്തരമായ സമര്‍പ്പണത്തിന്റെ ഭാഗമാകുകയും വേണം.'- ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26