ആറളം: ആറളം ഫാമില്‍ കാട്ടാന കവര്‍ന്നത് ഒരു ജീവന്‍ കൂടി. ആറളം ഫാമിലെ ഏഴാം ബ്ലോക്കിലെ ബാബു - സിന്ധു ദമ്പതികളുടെ മകന്‍ ബബീഷ് (17) ആണ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5:30നു സുഹൃത്തുക്കള്‍ക്കൊപ്പം കടയില്‍ പോയ ബബീഷ് വീട്ടിലെ ആവശ്യത്തിനായി ഒറ്റയ്ക്ക് തിരിച്ചു വരുന്നതിനിടയിൽ കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. വനം വകുപ്പ് അധികൃതര്‍ ആണ് പരിക്കേറ്റ് കിടന്ന ബബീഷിനെ ആദ്യം കണ്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്ത്തിമോര്‍ട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ചിന്നു, ബിബിൻ, ബബിത്.
ആറളം ഫാമില്‍ ആറ് വര്‍ഷത്തിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫാമിലെ കാര്ഷിക മേഖലയിലും ആദിവാസി പുനരധിവാസ മേഖലയിലും ആണ് ഈ മരണങ്ങളെല്ലാം നടന്നത്. ഓരോ തവണയും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഇനി ഇത് ആവര്‍ത്തിക്കരുതെ എന്ന ഉറ്റവരുടെ പ്രാർത്ഥന വിഫലമാകുന്നു.
2014 ഏപ്രിലിലായിരുന്നു ആദ്യ മരണം. പുനരധിവാസ മേഖലയിലെ ചോമാനിയിൽ മാധവിയായിരുന്നു അന്ന് കാട്ടാനയുടെ അക്രമണത്തിനിരയായത്. തുടർന്ന് 2016-ൽ ബ്ലോക്ക് ഏഴിലെ ബാലൻ, 2018-ൽ അമ്മിണി, പൈനാപ്പിൾ കൃഷിയിൽ ഏർപ്പെട്ട റെജി, ഒക്ടോബർ 30-ന് കരിയാത്തൻ, ഡിസംബർ എട്ടിന് ബ്ലോക്ക് 10-ലെ ചപ്പിലി കൃഷ്ണൻ, 2019 ഏപ്രിൽ 26-ന് ബന്ദപ്പാലൻ നാരായണൻ എന്നിവരും കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. ആറളം വന്യ ജീവിസങ്കേതത്തിൽ നിന്നെത്തി താവളമടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളാണ് ഫാമിൽ നിരന്തരം ഭീതി വിതച്ച് കൃഷിനാശം വരുത്തുന്നത്.
വന്യജീവികളുടെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന കർഷകരുടെ മുറവിളി ഇനിയും സർക്കാരിന്റെ കാതുകളിൽ പതിച്ചിട്ടില്ല. ആനമതിൽ നിർമ്മിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും അധികൃതർ കേട്ട ഭാവം നടിക്കുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.