ആണവായുധ മേഖലയിലെ മുതല്‍മുടക്ക് വഴിതിരിച്ചു വിട്ട് പട്ടിണിയകറ്റൂ : കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍

 ആണവായുധ മേഖലയിലെ മുതല്‍മുടക്ക് വഴിതിരിച്ചു വിട്ട് പട്ടിണിയകറ്റൂ : കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍

വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടത് മനുഷ്യ രാശിയുടെ സമാധാനത്തിനും ക്ഷേമത്തിനും ഏറ്റവും അനിവാര്യമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. മാനുഷികവും ധാര്‍മ്മികവുമായ ഈ അടിയന്തര ആവശ്യം ലോക ശക്തികള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ആണവായുധങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട മുതല്‍ മുടക്ക് മാനുഷിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുമുള്ള വഴികള്‍ പരിശോധിക്കുന്നതിനായി അസ്സീസിയിലെ സാക്രോ കോണ്‍വെന്റോയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി തന്റെ ചിന്തകള്‍ പങ്കിട്ടത്.ഇറ്റലി ആസ്ഥാനമായുള്ള 'കമ്മിറ്റി ഫോര്‍ എ സിവിലൈസേഷന്‍ ഓഫ് ലവ്' ആയിരുന്നു സംഘടകര്‍.

കൊറോണാ മഹാവ്യാധി വലിയ പാഠമാണ് ലോകത്തിനേകിയത്. നമ്മുടെ സുരക്ഷയെക്കുറിച്ചുള്ള സങ്കല്‍പ്പം പുനര്‍വിചിന്തനം ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു. അത് പരസ്പര നാശത്തിന്റെയും ഭയത്തിന്റെയും ഭീഷണിയെ അടിസ്ഥാനമാക്കിയാകരുത്. നീതിയില്‍ അടിസ്ഥാനമാക്കിയാകണം ഇനിയുള്ള സുരക്ഷാ സങ്കല്‍പ്പങ്ങള്‍-കര്‍ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു. സമഗ്രമായ മനുഷ്യവികസനം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് സൃഷ്ടിക്കാനുള്ള കരുതല്‍, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ പ്രോത്സാഹനം എന്നിവ ഉറപ്പാക്കാന്‍ സംവാദവും ഐക്യദാര്‍ഢ്യവും യാഥാര്‍ത്ഥ്യമാകണം.

നിരായുധീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനും സമാധാന സംരംഭ ഉത്തേജനത്തിനുമായുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തിലുണ്ടായി. രാഷ്ട്രങ്ങള്‍ക്കിടയില്‍ 'യഥാര്‍ത്ഥവും ശാശ്വതവുമായ വിശ്വാസം' വികസിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര സമൂഹത്തെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായ ഈ ശ്രമങ്ങളെ കര്‍ദിനാള്‍ പരോളിന്‍ അഭിനന്ദിച്ചു. ഇത്തരം ദീര്‍ഘവീക്ഷണമുള്ള തന്ത്രങ്ങള്‍ പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ അത്യാവശ്യവും അടിയന്തിരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ജനുവരിയില്‍ ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ഉടമ്പടിയിലെ കക്ഷികളുടെ പത്താമത് അവലോകന സമ്മേളനം സുപ്രധാനമാകുമെന്ന പ്രതീക്ഷയാണു തനിക്കുള്ളതെന്ന് കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു. 'ഇന്നത്തെ വെല്ലുവിളികള്‍ മനസ്സിലാക്കാനും അവയെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് വ്യക്തമായി തെളിയിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനും പ്രത്യേകിച്ച് ആണവശക്തികള്‍ക്കും ഇത് നിര്‍ണായക സന്ദര്‍ഭമാകും.'

ജനുവരി ഒന്നിന് 54-ാമത് ലോക സമാധാന ദിനം 'നിരായുധീകരണത്തിലേക്കുള്ള തുടര്‍നടപടികളുടെ വഴികാട്ടി' ആകണമെന്ന, അന്നത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു.'ആയുധങ്ങള്‍ക്കായി, പ്രത്യേകിച്ച് ആണവായുധങ്ങള്‍ക്കായി എത്ര വിഭവങ്ങള്‍ ചെലവഴിക്കുന്നു? മാര്‍പാപ്പ അന്ന് ചോദിച്ചു. പട്ടിണി ശാശ്വതമായി ഇല്ലാതാക്കുന്നതിനും ദരിദ്ര രാജ്യങ്ങളുടെ വികസനത്തിന് സംഭാവന നല്‍കുന്നതിനുമായി അനുയോജ്യമായ ആഗോള സ്ഥാപനത്തിലൂടെ സമാധാനം, സമഗ്രമായ മനുഷ്യവികസനം, ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിഭവങ്ങള്‍ നിയോഗിക്കണമെന്നാണ് മാര്‍പാപ്പ  ആഹ്വാനം
 ചെയ്തത്.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.