അവസരങ്ങള്‍ പാഴാക്കി ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍രഹിത സമനില

അവസരങ്ങള്‍ പാഴാക്കി ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍രഹിത സമനില

മഡ്ഗാവ്: ഐഎസ്എല്ലില്‍ രണ്ടാമത്തെ മത്സരത്തിലും വിജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ആദ്യ പോയിന്റ് ലഭിച്ചു. എതിരാളികളായ നോര്‍ത്ത് ഈസ്റ്റിനും പോയന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നു. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സ് ആറ് തവണ ഗോളിലേക്ക് ലക്ഷ്യം വെക്കുകയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്തു പായിക്കുകയും ചെയ്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് ഒറ്റത്തവണ പോലും ലക്ഷ്യത്തിലേക്ക് പന്തു തൊടുക്കാനായില്ല.

ആദ്യ പകുതിയില്‍ ജോര്‍ജെ ഡയസും രണ്ടാം പകുതിയില്‍ സഹല്‍ അബ്ദുള്‍ സമദും നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരങ്ങള്‍ പുറത്തേക്ക് അടിച്ചു കളഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന്റെ വിധി ഉറപ്പിച്ചു. ആദ്യ പകുതിതിയില്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റങ്ങള്‍ തടയാന്‍ നോര്‍ത്ത് ഈസ്റ്റ് നന്നായി വിയര്‍ത്തു.

30ാം മിനിറ്റില്‍ ലൂണയുടെ മനോഹരമായൊരു ക്രോസ് ബോക്സിനകത്തേക്ക് താണിറങ്ങിയെങ്കിലും തലവെച്ച ജോര്‍ജെ ഡയസിന് ലക്ഷ്യം കാണാനായില്ല. ആറ് മിനിറ്റിനകം ജോര്‍ജെ ഡയസിന് മത്സരത്തിലെ ഏറ്റവും അനയാസ അവസരം ലഭിച്ചു. ഇത്തവണയും ലൂണയുടെ തന്ത്രപരമായ നീക്കത്തില്‍ പന്ത് കാലിലെത്തിയ ഡയസ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്കടിച്ച് മികച്ച അവസരം പാഴാക്കി.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വിന്‍സിയുടെ പാസില്‍ പന്ത് ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു വിടുന്നതിന് പകരം സഹല്‍ പുറത്തേക്ക് അടിച്ചു കളയുന്ന കാഴ്ച്ചയാണ് കണ്ടത്. 83ാം മിനിറ്റില്‍ നിഷുകുമാറിന്റെ പാസില്‍ നിന്ന് വാസ്‌ക്വസ് തൊടുത്ത ഹെഡ്ഡര്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാഷിഷ് റോയ് ചൗധരി ഇടത്തേക്ക് ഡൈവ് ചോയ്ത് തട്ടിയകറ്റി. പുതിയ ഐഎസ്എല്‍ സീസണിലെ ഏറ്റവും മികച്ച രക്ഷപ്പെടുത്തലിനായിരുന്നു മഡ്ഗാവ് സ്റ്റേഡിയം സാക്ഷിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.