സ്‌കൂളുകളില്‍ പഠന സമയം വൈകുന്നേരം വരെ; ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കിയേക്കും

സ്‌കൂളുകളില്‍ പഠന സമയം വൈകുന്നേരം വരെ; ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സ്‌കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്‌കൂള്‍ സമയം നീട്ടാത്തതിനാല്‍ ക്ലാസുകള്‍ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു.

നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. ഇപ്പോള്‍ നിലവിലുള്ള മൂന്നു ദിവസം വീതമുള്ള ഷിഫ്റ്റ് തുടര്‍ന്നുകൊണ്ട് പഠന സമയം കൂട്ടണമെന്ന ശുപാര്‍ശയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്നോട്ട് വച്ചത്. ഉച്ചവരെയുള്ള ക്ലാസുകള്‍ മാത്രമായാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവില്ലെന്ന് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. അതോടൊപ്പം ഉച്ചവരെയുള്ള ക്ലാസുകള്‍ക്ക് കുട്ടികളെ കൊണ്ടുവരാനും തിരികെ കൊണ്ടുവരാനും ബുദ്ധിമുട്ടാണെന്ന് മാതാപിതാക്കളും പറയുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ക്ലാസുകള്‍ വൈകുന്നേരം വരെ നീട്ടാനുള്ള ശുപാര്‍ശ. മുഖ്യമന്ത്രി അംഗീകാരം നല്‍കിയാല്‍ ഇത് ഉടന്‍ നടപ്പാക്കും.

പ്ലസ് വണ്‍ പഠനത്തിന് ആവശ്യത്തിന് സീറ്റില്ലെന്ന പരാതി ഇപ്പോഴും തുടരുകയാണ്. 50 അധികബാച്ചുകള്‍ ആവശ്യമാണെന്നാണ് വിലയിരുത്തല്‍. മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് സീറ്റുക്ഷാമം ഏറ്റവും രൂക്ഷം. ആവശ്യമെങ്കില്‍ 60 അധിക ബാച്ച് വരെ അനുവദിക്കേണ്ടി വരുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇക്കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാവും.

വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിന്റെ ശുപാര്‍ശകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.