ന്യൂഡല്‍ഹി: നാല്‍പ്പത് വയസു മുതല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യ(ഐ.എന്‍.എസ്.എ.സി.ഒ.ജി.)ത്തിന്റെ ശുപാര്‍ശ.
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ്.എ.സി.ഒ.ജി. കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എന്‍.എസ്.എ.സി.ഒ.ജിയുടെ ശുപാര്‍ശ. രാജ്യത്ത് ഇതുവരെ രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്നൊരു ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. അതേസമയം ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് പതിനാറായിരം പേര്‍ ഇതിനോടകം ഇന്ത്യയിലെത്തിയതായും ഇവരില്‍ 18 പേര്‍ കൊവിഡ് പൊസിറ്റീവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്സിന്‍ നല്‍കുക, നാല്‍പ്പതു വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നീ ശുപാര്‍ശകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളില്‍ നിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റി ബോഡികള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ല. അതിനാല്‍ രോഗബാധിതരാകാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്കും രോഗ ബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും വേണം പ്രഥമ പരിഗണന നല്‍കാനെന്നും കണ്‍സോര്‍ഷ്യം വ്യക്തമാക്കി.
ഒമിക്രോണ്‍ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം വിലയിരുത്തി. ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്നും അവിടേക്കുമുള്ള യാത്രകള്‍, ഒമിക്രോണ്‍ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ശക്തിപ്പെടുത്തണമെന്നും കണ്‍സോര്‍ഷ്യം നിര്‍ദേശിച്ചു.
ചില പ്രായ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന കാര്യത്തില്‍ അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. രോഗത്തില്‍ നിന്നുള്ള മികച്ച സംരക്ഷണത്തിന്, പ്രായപൂര്‍ത്തിയായതും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതുമായ വ്യക്തികള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അമേരിക്കയിലെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്തുവരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത് 204 പേരാണ്.
ദില്ലി വിമാനത്താവളത്തിലെത്തിയ ആറുപേര്‍ക്കും മുംബൈയിലത്തിയ ഒന്‍പത് പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്തുവരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോള്‍ നാല്‍പ്പതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.