ചണനാര് ഉപയോഗിച്ച് കിടിലന്‍ വീട്; ഇതിലും നല്ല പ്രകൃതി സൗഹൃദ ഭവനം സ്വപ്‌നങ്ങളില്‍ മാത്രം !

ചണനാര് ഉപയോഗിച്ച് കിടിലന്‍ വീട്; ഇതിലും നല്ല പ്രകൃതി സൗഹൃദ ഭവനം സ്വപ്‌നങ്ങളില്‍ മാത്രം !

ചണനാര് ഉപയോഗിച്ച് ഭവന നിര്‍മാണം നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ആര്‍ക്കിടെക്ട് ദമ്പതികളായ ഗൗരവ് ദീക്ഷിതും നമ്രതയും. ചണച്ചെടിയില്‍ നിന്നും ഉല്‍പാദിപ്പിച്ചെടുത്ത നാര് ഉപയോഗിച്ചാണ് ഇവര്‍ സ്വന്തമായി ഒരു വീട് നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വീടാണ് ഇവരുടേത്.

ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലാണ് വ്യത്യസ്തമായ ഈ വീട്. കാലങ്ങളായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ചു പഴകിയ ശീലം മാറ്റി സുസ്ഥിരത ഉറപ്പാക്കുന്ന തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്ന ചിന്തയില്‍ നിന്നുമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത് എന്ന് ഗൗരവ് പറയുന്നു. വിശദമായി ഗവേഷണം നടത്തിയതില്‍ നിന്നും കോണ്‍ക്രീറ്റിന് ബദലായി 'ഹെംപ്ക്രീറ്റ്' ഉപയോഗിക്കാമെന്നു തിരിച്ചറിഞ്ഞു. പുരാതന ഇന്ത്യയില്‍ ചണനാര് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം നടന്നിരുന്നതായും പുരാവസ്തു ഗവേഷണഫലങ്ങളില്‍ നിന്നും അറിയാനായെന്നും ദമ്പതികള്‍ പറയുന്നു.
വിദേശരാജ്യങ്ങളില്‍ പലതും ചണനാര് കൊണ്ടുള്ള ഭവന നിര്‍മാണ രീതി പിന്തുടരുന്നുണ്ട്. അങ്ങനെ ഈ പ്രകൃതി സൗഹൃദ ബദല്‍ മാര്‍ഗത്തെ കുറിച്ച് ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനായി ഒരു വീട് നിര്‍മിച്ചെടുക്കുകയായിരുന്നു ഇരുവരും.

1200 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ മാതൃകാ വീട് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് മുറികളുള്ള വീടിന്റെ നിര്‍മാണത്തിന് 30 ലക്ഷത്തിനടുത്ത് ചെലവായി. സാധാരണ കോണ്‍ക്രീറ്റ് കെട്ടിടങ്ങളെക്കാള്‍ കുറഞ്ഞ ചിലവില്‍ ഹെംപ്ക്രീറ്റ് ഉപയോഗിച്ച് വീട് നിര്‍മിക്കാനാവുമെന്ന് ദീക്ഷിത് പറയുന്നു. ഭിത്തിയിലെ നനവ് പ്രതിരോധിക്കാനുള്ള ഹെംപ്ക്രീറ്റിന്റെ ശേഷി മനസ്സിലാക്കുന്നതിനായി ബാത്ത് റൂമുകളിലെ ഭിത്തികളും ഇത്തരത്തിലാണ് നിര്‍മിച്ചത്.

ചണനാരും ചുണ്ണാമ്പും ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ്ങിനു പുറമേ പ്രാദേശികമായി ലഭിക്കുന്ന കളിമണ്ണ് ഉപയോഗിച്ചും ചിലഭാഗങ്ങളില്‍ പ്ലാസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. ഭിത്തി മാത്രമല്ല വീടിന്റെ മേല്‍ക്കൂരയും ചണനാര് കൊണ്ടുതന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ചണനാരിനും ചുണ്ണാമ്പിനും പുറമേ തടിയും നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചണവിത്തില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന എണ്ണ ഉപയോഗിച്ചാണ് വീട്ടിലെ ഫര്‍ണിച്ചറുകള്‍ പോളിഷ് ചെയ്തിരിക്കുന്നത്.

പൂര്‍ണമായും സൗരോര്‍ജ്ജത്തെ ആശ്രയിച്ചാണ് എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള ഇത്തരം ഒരു മാര്‍ഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിംഗിനെ ക്ഷണിച്ചാണ് വീടില്‍ താമസം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.