ബ്രസല്‍സ്: ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാലയില്‍ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിമാനി, ഹെര്‍മിയന്‍ എന്നീ പതിനാലും നാല്‍പത്തിയൊന്നും വയസുള്ള ഹിപ്പോകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നും ഇല്ലെന്നും ഇവ നിലവില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.
തന്റെ അറിവില്‍ ഹിപ്പോകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മൃഗശാലയിലെ വെറ്ററിനറി ഡോക്ടര്‍ ഫ്രാന്‍സിസ് വെര്‍കാമ്മന്‍ പറഞ്ഞു.
നിലവില്‍ മൃഗശാല ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹിപ്പോകള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മൃഗശാലയിലെ മൃഗങ്ങളിലും വളര്‍ത്തു മൃഗങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, യു.എസിലെ നെബ്രാസ്‌കയിലെ ഒരു മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ വൈറസ് ബാധിച്ച് ചത്തിരുന്നു.
മനുഷ്യരുടെ സഹജീവികളായ മൃഗങ്ങള്‍, പ്രത്യേകിച്ച് പൂച്ചകള്‍ക്കും നായകള്‍ക്കുമാണ് കോവിഡ് കൂടുതല്‍ ബാധിച്ചത്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരാനുള്ള സാധ്യത കുറവാണെങ്കിലും ആളുകളില്‍നിന്ന് വളര്‍ത്തു മൃഗങ്ങളിലേക്കു കൊറോണ വൈറസ് പകരുമെന്ന് സിഡിസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.