പുതിയ മോഡലിൽ വോട്ടഭ്യർത്ഥന; മാസ്‌ക്കാണ് മുഖ്യം

  പുതിയ മോഡലിൽ വോട്ടഭ്യർത്ഥന; മാസ്‌ക്കാണ് മുഖ്യം

മലപ്പുറം: കോവിഡ് കാലത്ത് ആദ്യമായെത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത് ഇത്തവണ മാസ്‌ക്കുകള്‍ ആണ്. മുഖത്തൊരു മാസ്‌കും കയ്യില്‍ സാനിറ്റൈസറുമായാണ് സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയിറങ്ങുന്നത്. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്ത മാസ്‌ക്കണിഞ്ഞ് പ്രവർത്തകർ തങ്ങളുടെ പണികൾ ആരംഭിച്ചു. ലോക്ഡൗണും കോവിഡ് മാനദനണ്ഡങ്ങളും പാലിച്ചുകൊണ്ടു ഏതു രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ് ഇവർ. അതോടൊപ്പം തന്നെ മുഖം മറക്കാനുപയോഗിച്ചുന്ന ഫേസ് ഷില്‍ഡിലും സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടി ചിഹ്നവും അടക്കം ഉപയോഗിച്ചാണ് ച്രപരണം മുന്നേറുന്നത്.

മുന്നണികളില്‍ സീറ്റ് വിഭജന ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ വാര്‍ഡുകള്‍ ചൂടേറിയ പ്രചാരണം തുടങ്ങി കഴിഞ്ഞു. കൊറോണ ഭീതിയില്‍ ജനജീവിതം അപ്പാടെ മാറിമറിഞ്ഞ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ട്. ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പ്രചരണം. അഞ്ചില്‍ കൂടുതല്‍ വോട്ടഭ്യര്‍ത്ഥകര്‍ പാടില്ലെന്നാണ് നിയമം. മുന്‍കാലങ്ങളിലെന്ന പോലെ പൊതുയോഗങ്ങള്‍, കവല പ്രസംഗങ്ങള്‍, കുടുംബ യോഗങ്ങള്‍, പ്രകടനങ്ങള്‍, കലാശക്കൊട്ട് എന്നിവ ഇത്തവണ ഉണ്ടാകില്ല. ഇതു സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടിരുന്നു. ഇത് ഏറെ ഗുണം ചെയ്തതത് ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്രര്‍ക്കുമാണ്. സ്ഥാനാര്‍ത്ഥിയോ ബന്ധുക്കളോ എന്നു വേണ്ട പ്രവര്‍ത്തകരിലൊരാളെങ്കിലും കോവിഡ് പൊസിറ്റീവായാല്‍ പിന്നെ ക്വാറന്റൈനിലിരുന്നു വേണം സ്ഥാനാര്‍ത്ഥിയടക്കമുള്ളവരുടെ വോട്ടഭ്യര്‍ത്ഥന.

മൊബൈല്‍ ഫോണുകളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം ഇതിന് ചെറിയൊരാശ്വാസം പകരുന്നു. വാട്‌സ്‌ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണവും വാഗ്വാദങ്ങളും കൊഴുക്കുന്നത്. ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങളുടെതായ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രചാരണത്തിന് ആഴം കൂട്ടുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കും കുറവില്ല. മാസ്‌ക്കണിഞ്ഞു മുറ്റത്തു വന്നു കൈകൂപ്പുന്ന സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടി വരുന്നു. ഇതിന് പരിഹാരമായാണ് മാസ്‌കില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും പ്രിന്റ് ചെയ്യുന്നത്. വോട്ടഭ്യര്‍ഥനക്ക് മാസ്‌ക് നിര്‍ബന്ധമായതിനാല്‍ പ്രചാരണവും അതുവഴിയാക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സീറ്റ് ഉറപ്പിച്ചവര്‍ തങ്ങളുടെ പേരും ചിത്രവും ചിഹ്നവുമുള്ള മാസ്‌ക്കുകള്‍ ബുക്ക് ചെയ്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.