സമരം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും; നാളെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും, കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

 സമരം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും; നാളെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും, കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന നിലപാടില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനാവില്ല. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താല്‍കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. എന്നിട്ടും സമരം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

പിജി ഡോക്ടമാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാഡമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്നാണ് സമരക്കാര്‍ പറയുന്നത്. ഇനി ചര്‍ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ തുടരുന്നതിനിടെ കൂടുതല്‍ സംഘടനകളും സമരത്തിലേക്ക് നീങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയിരിക്കുകയാണ്.

പിജി സമരത്തെ തുടര്‍ന്ന് ജോലി ഭാരം ഇരട്ടിച്ചതും, നേരത്തെ ഉണ്ടായിരുന്ന സ്‌റ്റൈപന്‍ഡ് വര്‍ധനവ് പുനസ്ഥാപിക്കാത്തതുമാണ് ഹൗസ് സര്‍ജന്മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. നാളെ രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂറിലേക്ക് കോവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കും.

അതേസമയം കെജിഎംസിടിഎയും പിജി ടീച്ചേഴ്‌സ് അസോസിയേഷനും തല്‍ക്കാലത്തേക്ക് ബഹിഷ്‌കരണ സമരത്തിനില്ല. പക്ഷെ പ്രതിഷേധ നടപടികള്‍ തുടരും. സമരം കടുക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനമാകെ താളം തെറ്റും. ഒപി രോഗികളുടെ എണ്ണം മിക്കയിടത്തും വെട്ടിചുരുക്കിയിട്ടുണ്ട്. കൂടാതെ നീട്ടിവച്ച ശസ്ത്രക്രിയകള്‍ നടക്കാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടിലുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.