ഷാർജ: ടോസ് നേടിയ സണ്‍റൈസേഴ്‌സ് മുംബൈയെ ബാറ്റിങ്ങിന് അയച്ചു. രോഹിത് ശര്‍മ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തി. ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കു പകരം ധവാല്‍ കുല്‍ക്കര്‍ണി, ജെയിംസ് പാറ്റിന്‍സന്‍ എന്നിവരും കളത്തിലിറങ്ങി. ഹൈദരാബാദിനു വേണ്ടി അഭിഷേക് ശര്‍മയ്ക്കു പകരം പ്രിയം ഗാര്‍ഗിനെ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മയ്ക്ക് പക്ഷെ തിളങ്ങാനായില്ല. 4 റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ, സന്ദീപ് ശര്‍മയുടെ ബോളിങ്ങില്‍ വാര്‍ണര്‍ ക്യാച്ചെടുത്തു പുറത്താക്കി. അഞ്ചാം ഓവറില്‍ ക്വിന്റണ്‍ ഡികോക്കിനെ (13 പന്തില്‍ രണ്ടു സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 25 റണ്‍സ്) സന്ദീപ് ശര്‍മ ബൗള്‍ഡാക്കി.
ഏഴാം ഓവറില്‍ മുംബൈ 50 കടന്നു. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ മുംബൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ്. 12 -ാം ഓവറില്‍ ഷഹബാസ് നദീമിന്റെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവിനെ (29 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 36 റണ്‍സ്) വൃദ്ധിമാന്‍ സാഹ സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നാലെ ക്രുനാല്‍ പാണ്ഡ്യയുടെ (പൂജ്യം) ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത് കെയ്ന്‍ വില്യംസന്‍ ഡൈവ് ചെയ്ത് കൈകളിലൊതുക്കി. 13-ാം ഓവറിലെ ആദ്യ പന്തില്‍ സൗരഭ് തിവാരിയും (1 റണ്‍) മടങ്ങി. ഇതോടെ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിരുന്ന മുംബൈ, ഏഴു പന്തുകള്‍ പിന്നിട്ടപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലായി. 16-ാം ഓവറില്‍ മുംബൈ 100 റണ്‍സ് തികച്ചു. പിന്നാലെ ഇഷാന്‍ കിഷന്‍ പുറത്തായി. 30 പന്തില്‍ രണ്ടു സിക്‌സും ഒരു ഫോറുമുള്‍പ്പെടെ 33 റണ്‍സെടുത്ത ഇഷാനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കി. അടുത്ത ഓവറില്‍ നഥാന്‍ കൂള്‍ട്ടര്‍നൈലിനെ (1 റണ്‍) ജെയ്‌സന്‍ ഹോള്‍ഡറിന്റെ ബോളിങ്ങില്‍ പ്രിയം ഗാര്‍ഗ് ക്യാച്ചെടുത്തു മടക്കി.
19 ാം ഓവറില്‍ തുടര്‍ച്ചയായ മൂന്നു സിക്‌സറുകള്‍ പറത്തിയ കീറണ്‍ പൊള്ളാര്‍ഡ് അവസാന ഓവറിലെ രണ്ടാം പന്തും സിക്‌സര്‍ അടിച്ചു. എന്നാല്‍ അടുത്ത പന്തിലും അത് ആവര്‍ത്തിക്കാനുള്ള ശ്രമത്തില്‍ ബൗള്‍ഡായി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എന്ന നിലയില്‍ മുംബൈയുടെ ഇന്നിങ്‌സ് അവസാനിച്ചു. 5 പന്തില്‍ 4 റണ്‍സോടെ ജെയിംസ് പാറ്റിന്‍സനും 2 പന്തില്‍ 3 റണ്‍സോടെ ധവാല്‍ കുല്‍ക്കര്‍ണിയും പുറത്താകാതെ നിന്നു.
പ്ലേഓഫ് ഉറപ്പിക്കാന്‍ 150 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. 6 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടം കൂടാതെ 56 റണ്‍സിലെത്തി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായി റണ്ണുകള്‍ പിറന്നതോടെ മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് പൂര്‍ണമായി ആധിപത്യം സ്ഥാപിച്ചു.
ഓപ്പണിങ് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടിന്റെ മികവില്‍, മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ ശേഷിക്കെ വിക്കറ്റ് നഷ്ടം കൂടാതെ ഹൈദരാബാദ് മറികടന്നു. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ്. ഹൈദരാബാദ് 17.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 151 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ ഒരു സിക്‌സും 10 ഫോറും സഹിതം 85 റണ്‍സോടെയും വൃദ്ധിമാന്‍ സാഹ 45 പന്തില്‍ ഒരു സിക്‌സും 7 ഫോറും സഹിതം 58 റണ്‍സോടെയും പുറത്താകാതെ നിന്നു.
ജയത്തോടെ പോയിന്റ് നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമെത്തിയ ഹൈദരാബാദ് (+0.608), നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ (0.214) മറികടന്ന് പ്ലേഓഫ് ഉറപ്പിക്കുകയായിരുന്നു. പ്ലേഓഫും ഒന്നാം സ്ഥാനവും നേരത്തേ ഉറപ്പിച്ച മുംബൈ ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ന് കളത്തിലിറങ്ങിയത്. നെറ്റ് റണ്‍റേറ്റില്‍ ബാംഗ്ലൂരിനെയും (0.172) മറികടന്ന ഹൈദരാബാദ് മൂന്നാം സ്ഥാനത്തോടെയാണ് പ്ലേഓഫ് ഉറപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.