കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണം; ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

 കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണം; ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചു വെക്കുന്നത്.

വിവിധ സുരക്ഷാ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് സമയം വര്‍ധിപ്പിക്കാനുള്ള നീക്കമെന്നാണ് വിവരം. കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ്, എക്സ്ചേഞ്ച് ഡീറ്റെയില്‍ റെക്കോര്‍ഡ്, ഒരു നെറ്റ് വര്‍ക്കില്‍ എക്സ്ചേഞ്ച് ചെയ്ത ആശയ വിനിമയങ്ങളുടെ ഐപി ഡീറ്റെയില്‍ റെക്കോര്‍ഡ് എന്നിവ രണ്ട് വര്‍ഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചു വെക്കണം എന്നാണ് ഡിസംബര്‍ 21ന് പുറത്തു വിട്ട നോട്ടിഫിക്കേഷനില്‍ പറയുന്നത്.

ഭൂരിഭാഗം കേസ് അന്വേഷണങ്ങളും ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതിനാല്‍ വിവരങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞാലും തങ്ങള്‍ക്ക് ആവശ്യം വന്നേക്കുമെന്ന് വിവിധ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എല്ലാവരും അധിക കാലം കൂടി വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ടെലികോം വകുപ്പ് പറഞ്ഞു.

ഓപ്പറേറ്റര്‍മാര്‍ സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സറുടെ പരിശോധനയ്ക്ക് വേണ്ടി ഒരു വര്‍ഷമെങ്കിലും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍), ഐപി ഡീറ്റെയില്‍ റെക്കോര്‍ഡ് (ഐപിഡിആര്‍) എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഒരു വര്‍ഷമെങ്കിലും സൂക്ഷിക്കണമെന്നാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥ പറയുന്നത്.

കാലാകാലങ്ങളില്‍ ലൈസന്‍സര്‍ അധിക നിര്‍ദേശങ്ങളും ഈ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി നല്‍കിയേക്കാം. നിയമ നിര്‍വ്വഹണ ഏജന്‍സികളുടേയും വിവിധ കോടതികളുടേയും നിര്‍ദ്ദിഷ്ട അഭ്യര്‍ത്ഥനകളോ നിര്‍ദ്ദേശങ്ങളോ അനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ സിഡിആര്‍ നല്‍കണമെന്നും ലൈസന്‍സ് വ്യവസ്ഥ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.