ചെന്നൈ: വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങള്‍ക്കും അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഗ്രൂപ്പില്‍ മറ്റൊരാള്‍ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരില്‍ ക്രിമിനല്‍നടപടി നേരിട്ട അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്നും അതിനാല്‍ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരില്‍ അഡ്മിനെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ വ്യക്തമാക്കി.
കരൂരിലെ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പച്ചയപ്പന്‍ എന്നയാള്‍ പോസ്റ്റു ചെയ്ത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കും ഗ്രൂപ്പ് അഡ്മിന്‍ രാജേന്ദ്രനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരേ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കുക, നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനു മാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയത്.
മുമ്പ് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച സമാന ഉത്തരവ് ജസ്റ്റിസ് സ്വാമിനാഥന്‍ ഉദ്ധരിച്ചു. പച്ചയപ്പന്‍ പോസ്റ്റു ചെയ്ത സന്ദേശം രാജേന്ദ്രനുമായി ചേര്‍ന്ന് നടത്തിയ ആലോചനയെത്തുടര്‍ന്നാണെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. അതിനാല്‍ ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെങ്കില്‍ രാജേന്ദ്രന്റെ പേര് എഫ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.