പൊലീസിന്റെ ക്രൂരത വീണ്ടും; ട്രെയിനില്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി മര്‍ദ്ദനം

പൊലീസിന്റെ ക്രൂരത വീണ്ടും; ട്രെയിനില്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി മര്‍ദ്ദനം

കണ്ണൂര്‍: കേരളാ പൊലീസിന്റെ ക്രൂരത വീണ്ടും. മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് എഎസ്‌ഐ യാത്രക്കാരനെ മര്‍ദ്ദിച്ചതാണ് പുതിയ വിവാദം. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തു വെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറയുന്നു. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്തായിരുന്നു മര്‍ദ്ദനം.

യാത്രക്കാരന്‍ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യാത്രക്കാരന്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ക്രൂമായ മര്‍ദ്ദനം കണ്ടതോടെ ഇടപെട്ടുവെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസുകാരന്‍ തന്നോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ടിടിഇയെ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താന്‍ പറഞ്ഞുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും താന്‍ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത്. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മര്‍ദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്‌ഐഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരന്‍ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.