6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്കു ശ്രമിച്ചു

6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്കു ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ മുകളിലത്തെ നിലയില്‍ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രതീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി ആയ നെല്ലിപ്പറമ്പിൽ രതീഷ് ആണ് അറസ്റ്റിലായത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗുരുതരമായ പരിക്കുള്ള പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ ഇപ്പോഴും പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. വൈകിട്ട് മാതാപിതാക്കൾ തമ്മില്‍ വഴക്കുണ്ടാവുകയും അമ്മ ബന്ധുക്കളുടെ താമസസ്ഥലത്തേക്കു പോവുകയും ചെയ്തു. അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ രാത്രി പത്തേകാലോടെ അച്ഛന്‍‌ പോയ സമയത്താണു സംഭവം നടന്നത്. രാത്രി അച്ഛന്‍ തിരിച്ചെത്തിയപ്പോഴാണു വിവരം അറിഞ്ഞത്.

രാത്രി പതിനൊന്നോടെ പെണ്‍കുട്ടി മൂന്നര വയസ്സുള്ള അനുജനോടൊപ്പം വീടിന്റെ മുന്‍വശത്തിരുന്നു കരയുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഒന്നര വയസ്സുള്ള ഇളയ സഹോദരന്‍ വീടിനുള്ളിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീടു മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു.ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണു കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്. അടച്ചുറപ്പില്ലാത്ത വീട്ടിലാണു മാതാപിതാക്കളും മൂന്നു കുഞ്ഞുങ്ങളും കഴിയുന്നത്. വാതിലുകളുടെ സ്ഥാനത്തു തുണി തൂക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.