പെര്‍ത്ത്: ഓസ്ട്രേലിയയില്‍ 62 വര്‍ഷത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍. പില്‍ബാര മേഖലയിലെ ചെറുപട്ടണമായ ഓണ്‍സ്ലോയില്‍ ഇന്ന് ഉച്ചയ്ക്ക് 2.26-ന് 50.7 ഡിഗ്രി സെല്‍ഷ്യസാണു രേഖപ്പെടുത്തിയത്. 1960-ന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 1960 ജനുവരി രണ്ടിനാണ് ഇതിനു മുന്‍പ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അന്ന് സൗത്ത് ഓസ്ട്രേലിയയിലെ ഊഡ്നദാത്ത വിമാനത്താവളത്തില്‍ 50.7 ഡിഗ്രിയാണു രേഖപ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. പില്‍ബാരയിലെ നിരവധി പ്രദേശങ്ങളില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ന് ഉച്ചയ്ക്ക് റോബോണിലും മാര്‍ഡിയിലും ചൂട് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇതുവരെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 1998 ഫെബ്രുവരിയില്‍ മാര്‍ഡിയിലാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണിത്.
വരും ദിവസങ്ങളിലും മുന്‍ റെക്കോര്‍ഡുകള്‍ തകരുമെന്നാണു കരുതുന്നത്. കരാത്തയില്‍ 48.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ലാ നിന പ്രതിഭാസം മൂലം ഉഷ്ണമേഖലാ പസഫിക് സമുദ്രം കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നതാണ് താപനില ഉയരാന്‍ കാരണം.
വെള്ളിയാഴ്ച റോബോണിലും കരാത്തയിലും ചുട്ടുപൊള്ളുന്ന ചൂടിന് അല്‍പ്പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോള്‍ഡ്ഫീല്‍ഡ്സ്, ഗാസ്‌കോയ്ന്‍ മേഖലകളുടെ ചില ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി വരെ രേഖപ്പെടുത്തി. പെര്‍ത്തില്‍ 26 ഡിഗ്രി സെല്‍ഷ്യസാണു താപനില.
പില്‍ബാര മേഖലയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൂട്ടുപൊള്ളുന്ന കാലാവസ്ഥയാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ലൂക്ക് ഹണ്ടിംഗ്ടണ്‍ പറഞ്ഞു. ചൂടു കുറയാനായി മഴയും ലഭിക്കുന്നില്ല. ഈ വര്‍ഷം ലഭിച്ച മഴയാകട്ടെ ശരാശരിയിലും താഴെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26