വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ 49 -ാമത് വാര്‍ഷിക 'മാര്‍ച്ച് ഫോര്‍ ലൈഫ് ' റാലിയില്‍ കടുത്ത തണുപ്പിനെ അവഗണിച്ചു പങ്കെടുത്തത് പതിനായിരങ്ങള്‍. 1973 ല്‍ റോ വെഴ്‌സസ് വേഡ് ഉത്തരവിലൂടെ ഭ്രൂണഹത്യ രാജ്യത്ത് നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി തിരുത്തപ്പെടാന്‍ സാധ്യത തെളിഞ്ഞതോടെ ഈ വര്‍ഷത്തെ റാലി അഭൂതപൂര്‍വമായ ദേശീയ ശ്രദ്ധ നേടി.
സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഏറെ പ്രതീക്ഷയുണര്‍ത്തുന്നതിനാല്‍, ഈ വര്‍ഷത്തെ റാലി ചരിത്രത്തില്‍ ഇടം നേടാനുള്ള സാധ്യത മാര്‍ച്ച് ഫോര്‍ ലൈഫ് അധ്യക്ഷ ജിയാനി മന്‍സീനി ചൂണ്ടിക്കാട്ടി.റോ വെഴ്‌സസ് വേഡ് ഉത്തരവ് ആത്യന്തികമല്ലെന്ന് അവര്‍ പറഞ്ഞു.അതേസമയം, റോ വെഴ്‌സസ് വേഡ് ഉത്തരവ് അസാധുവായാല്‍ പ്രോലൈഫ് പോരാട്ടത്തിന്റെ ഗതി മാറും. പക്ഷേ, തെറ്റ് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജീവനുവേണ്ടിയുള്ള പോരാട്ടം സംസ്ഥാനങ്ങളിലും ഇവിടെ ഡി.സിയിലും തുടരേണ്ടിവരും- മാന്‍സിനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് റാലി എന്ന പേരില്‍ പ്രസിദ്ധമായ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി നടന്ന വാഷിംഗ്ടണ്‍ ഡിസിയില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പ്രമുഖ വചനപ്രഘോഷകന്‍ കൂടിയായ കത്തോലിക്ക വൈദികനായ ഫാ. മൈക്ക് ഷ്മിറ്റ്‌സ്, ഹോളിവുഡ് നടന്‍ കിര്‍ക്ക് കാമറൂണ്‍ തുടങ്ങിയവര്‍ റാലിയില്‍ പ്രസംഗിച്ചു.തുല്യതയുടെ തുടക്കം ഗര്‍ഭപാത്രത്തില്‍ നിന്ന് എന്നര്‍ത്ഥം വരുന്ന 'ഇക്വാളിറ്റി ബിഗിന്‍സ് ഇന്‍ ദി വൂംബ്' എന്നതായിരുന്നു ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ പ്രമേയം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസ്സുകളില്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തി. ഒഹായോയയിലെ ഫ്രാന്‍സിസ്‌കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്‍പ്പെടെ നിരവധി കോളേജ് വിദ്യാര്‍ത്ഥികളും ആവേശപൂര്‍വം പങ്കെടുത്തു.
റാലിയുടെ തലേദിവസം വാഷിംഗ്ടണിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസിലിക്കയുടെ ചുവരുകളില്‍ ലേസര്‍ ഉപയോഗിച്ച് ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച അബോര്‍ഷന്‍ അനുകൂല സംഘടനയായ 'കാത്തലിക്‌സ് ഫോര്‍ ചോയ്‌സ്' സംഘടനയുടെ നടപടിയെ വാഷിംഗ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറിയും, സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ച്ച്ബിഷപ്പ് സാല്‍വത്തോര്‍ കോര്‍ഡിലിയോണിയും അപലപിച്ചു.
അതേസമയം, സുപ്രീം കോടതി അതിന്റെ തീരുമാനത്തിനായി തയ്യാറെടുക്കുമ്പോഴും റോ വെഴ്‌സസ് വേഡ് ഉത്തരവ് ഉയര്‍ത്തിപ്പിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഭരണകൂടം. 'ഞങ്ങളുടെ പക്കലുള്ള എല്ലാ ഉപകരണങ്ങളും' ഇതിനായി ഉപയോഗിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ആവര്‍ത്തിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ നിയമം പാസാക്കുന്നതിനും ഗര്‍ഭച്ഛിദ്ര സംരക്ഷണ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതിനും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ്് അവര്‍ പറഞ്ഞത്.
https://cnewslive.com/news/5799/tribute-with-roses-to-unborn-children-in-march-for-cjk
https://cnewslive.com/news/20323/roe-versus-wade-vs-march-for-life-cjk
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.