കാലിഫോർണിയ: ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതുക്കിയ പതിപ്പായ ഐഒഎസ് 14ല്‍ ചില സ്വകാര്യതാ കേന്ദ്രീകൃത ഫീച്ചറുകള്‍ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ചില ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിനാല്‍ അവരത് പുറത്തിറക്കുന്നത് മാറ്റിവച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 8 മുതല്‍ എല്ലാ ആപ്പിലും ലേബലുകള്‍ പതിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. അതായത്, പായ്ക്കറ്റുകളില്‍ വരുന്ന ഭക്ഷണസാധനങ്ങളിലും പാനീയങ്ങളിലും അവയുടെ പോഷകാഹാരങ്ങളെക്കുറിച്ചും കലോറിയെക്കുറിച്ചും എഴുതിവയ്ക്കുന്നതു പോലെ, ആപ്പുകള്‍ എന്താണ് ചെയ്യാന്‍പോകുന്നത് എന്ന കാര്യത്തെക്കുറിച്ച് ലേബല്‍ പതിക്കാനാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞു കേട്ടതുപോലെ, ആപ്‌സ്റ്റോറില്‍ മാത്രമല്ല, മാക് ആപ് സ്റ്റോറിലുമുള്ള ആപ്പുകള്‍ ഉപയോക്താവിനെക്കുറിച്ചുള്ള എന്തു വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആപ്പിളിന്റെ ഡവലപ്പര്‍ വെബ്‌സൈറ്റില്‍ കമ്പനി ആപ് ഡവലപ്പര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്- ആപ്പുകളും അവരുടെ പങ്കാളികളും ഉപയോക്താക്കളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ എന്തു ചെയ്യുമെന്നു വെളിപ്പെടുത്തണമെന്നാണ് ആപ്പിള്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തുന്ന സമയത്ത് അത് ഡൗണ്‍ലോഡ് പേജില്‍ പ്രതിഫലിക്കുകയും ചെയ്യണമെന്നു കമ്പനി പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ആപ്പിന് നിങ്ങളുടെ ലൊക്കേഷന്‍ അറിയണമെന്നുണ്ടെങ്കില്‍ അത് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുൻപ് വെളിപ്പെടുത്തിയിരിക്കണം. ജിപിഎസ് ഫങ്ഷണാലിറ്റി വേണ്ടെന്ന് ഒരു ആപ് തീരുമാനിച്ചാല്‍ അതും ഡൗണ്‍ലോഡ് പേജില്‍ പറഞ്ഞിരിക്കണമെന്നാണ് ആപ്പിള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍, എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തേണ്ട എന്നൊരു ചെറിയ ഇളവ് കമ്പനി ഇപ്പോള്‍ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
എന്നാല്‍, ഇതേക്കുറിച്ച് ഇപ്പോള്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. തത്വത്തില്‍ ഇതു കേമമാണെന്നു പറയാമെങ്കിലും കാര്യങ്ങള്‍ അങ്ങനെയാകണമെന്നില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഉദാഹരണത്തിന് എല്ലാ ആപ്പുകള്‍ക്കും നിരന്തരം പുതിയ ഫീച്ചറുകള്‍ വന്നുകൊണ്ടിരിക്കും. അവയ്‌ക്കൊപ്പം പുതിയ സ്വകാര്യതാ വിവരങ്ങളും നല്‍കിക്കൊണ്ടിരിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. എന്നാല്‍, ഡേറ്റാ ദാഹികളായ ആപ്പുകള്‍ നല്‍കുന്ന സ്വയം പ്രഖ്യാപനത്തെ ഉപയോക്താക്കള്‍ക്ക് മുഖവിലയ്‌ക്കെടുക്കാനാകുമോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.