'ഒരു നല്ല വര്‍ത്തമാന പത്രമെന്നാല്‍ ഒരു രാജ്യം അതിനോട് തന്നെ സംസാരിക്കുന്നതാണ്'- പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ മില്ലര്‍ മാധ്യമ പ്രവര്‍ത്തനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ സന്ധി ചെയ്യപ്പെടാത്ത സുതാര്യതയും സത്യസന്ധതയുമാണ് മില്ലറുടെ വാക്കുകളിലൂടെ ബോധ്യപ്പെടുന്നത്.
വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതിനൊപ്പം വാര്‍ത്തയ്ക്കുള്ളിലെ വാര്‍ത്ത കൂടി കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യുമ്പോഴാണ് ഒരു മാധ്യമ പ്രവര്‍ത്തകന് സമൂഹത്തോട് പൂര്‍ണമായും നീതി പുലര്‍ത്താനാവുക. അത്തരം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ലോകത്തെവിടെയും പോലെ കേരളത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പലരുടെയും പൊയ്മുഖങ്ങള്‍ തകര്‍ന്നു വീഴുകയും സമൂഹം കുറ്റവാളിയായി മുദ്ര കുത്തിയ പലരും നീതിമാന്‍മാരായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം സത്യത്തിന്റെ പക്ഷം ചേര്‍ന്നപ്പോള്‍ വന്ന നന്മയുടെ നേര്‍ക്കാഴ്ച.
എന്നാല്‍ അവയൊക്കെ ഇന്ന് പത്രപ്രവര്‍ത്തനവും ചരിത്രവും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയത്തിനുള്ള റഫറന്‍സ് നോട്ടുകളായി മാറിക്കഴിഞ്ഞു. മാധ്യമങ്ങള്‍ സ്വയം സൃഷ്ടിക്കുന്ന അജണ്ടകള്‍ക്കൊപ്പം മകുടി വായിക്കുന്ന വെറും കുഴലൂത്തുകാരായി മാറി ഇന്ന് പല മാധ്യമ പ്രവര്‍ത്തകരും. ആദര്‍ശം വിറ്റാല്‍ അരി കിട്ടില്ലെന്ന തിരിച്ചറിവായിരിക്കാം ഒരുപക്ഷേ അവരെ അപ്രകാരം മാറ്റിയത്. വയറ്റിപ്പിഴപ്പാണല്ലോ എല്ലാത്തിലും വലുത്.
എന്നാലും കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുത്ത് സത്യത്തെ ചവിട്ടിയരച്ച് ചര്‍ച്ചാ മുറികളെ 'സമ്പന്ന'മാക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചില മാധ്യമ രക്ഷസുകളുടെ അപകടകരമായ നിലപാടുകള്‍ ഒരു മതേതര ജനാധിപത്യ സമൂഹത്തില്‍ തുല്യനീതിയെന്ന കാഴ്ചപ്പാടിനെ മുറിവേല്‍പ്പിക്കുന്നതാണ് എന്ന് പറയാതെ വയ്യ.
അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന ഇത്തരം ദുഷിച്ച മാധ്യമ പ്രവര്‍ത്തന പ്രവണതകളുടെ ഇരയായി മാറുകയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം. ചില ഉദാഹരണങ്ങള്‍ മാത്രം നോക്കാം. പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയപ്പോള്‍ മനോനില തെറ്റിയ വാര്‍ത്താ ചാനലുകളിലെ 'അവതാരങ്ങള്‍' കോടതിയെ പോലും വെല്ലുവിളിച്ച് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാണാപ്പുറങ്ങളിലേക്കും കടന്നു കയറി.
ഈ കടന്നു കയറ്റത്തില്‍ 'മാധ്യമ ജഡ്ജിമാര്‍' ചവിട്ടി മെതിക്കാന്‍ ശ്രമിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ വിശ്വാസ മൂല്യങ്ങളെയായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. കാരണം നിങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസ സംഹിതകളെപ്പറ്റി ഒരു ചുക്കും അറിയില്ല. ജീവനോടെ തൊലി ഉരിഞ്ഞെടുത്തും ക്രൂരന്‍മാരായ റോമന്‍ ചക്രവര്‍ത്തിമാരുടെ ആരാമങ്ങളില്‍ തീപ്പന്തമായി കത്തിയെരിഞ്ഞും അവരുടെ അന്തപ്പുരങ്ങളിലുള്ള ഊട്ടു പുരകളിലെ വറചട്ടികളില്‍ മൊരിഞ്ഞമര്‍ന്നും വിശ്വാസം കാത്തു സൂക്ഷിച്ച ആയിരക്കണക്കിന് രക്തസാക്ഷികളുടെ ചുടുനിണമാണ് ഈ സഭയുടെയും വിശ്വാസത്തിന്റെയും അടിത്തറ. തീയില്‍ മുളച്ചത് ചാനല്‍ സ്റ്റുഡിയോകളിലെ 'ഹൈ വോള്‍ട്ടേജ് ലൈറ്റില്‍' വാടില്ല.
എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ആരോപിക്കപ്പെട്ടതിനേക്കാള്‍ പതിന്‍മടങ്ങ് ഗൗരവതരവും രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയുണ്ടാക്കുന്നതുമായ കോഴിക്കോട് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളായ ഭീകരന്‍ തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതേ വിട്ടപ്പോള്‍ സെന്‍സേഷണല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൊത്തക്കച്ചവടക്കാരായ ചാനല്‍ തമ്പുരാക്കന്‍മാരുടെ സ്റ്റുഡിയോകളില്‍ വാര്‍ത്താ സംഘര്‍ഷങ്ങളൊന്നും സൃഷ്ടിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? എന്തേ വിധിയെ നിങ്ങള്‍ പഴിച്ചില്ല... വിമര്‍ശിച്ചില്ല... വെല്ലുവിളിച്ചില്ല.
ഇക്കഴിഞ്ഞ ദിവസം എം.ഇ.എസിന്റെ പാലക്കാട്ടുള്ള എന്‍ജിനീയറിംഗ് കോളജിലെ ബീന എന്ന വിദ്യാര്‍ഥിനി പരീക്ഷാ ഫീസ് അടയ്ക്കാനാകാതെ ആത്മഹത്യ ചെയ്ത സംഭവം ഒരു ചാനലുകള്‍ക്കും ചര്‍ച്ചാ വിഷയമായി കണ്ടില്ല. കോളജ് അധികൃതരുടെ കുറ്റകരമായ അനാസ്ഥ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നില്ലേ? നിങ്ങളുടെ അന്തിച്ചര്‍ച്ചകളില്‍ വന്നിരുന്ന് ബഡായി വിടുന്ന ചിലരാണ് ആ കോളജിന്റെ നടത്തിപ്പുകാര്‍ എന്നതു കൊണ്ട് മാത്രമാണോ ദാരുണമായ ആ സംഭവം ചര്‍ച്ചയാകാതിരുന്നത്?
ഇത്തരമൊരു ദുരന്തം ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഏതെങ്കിലുമൊരു കോളജിലാണ് നടന്നിരുന്നതെങ്കില്‍ സംസ്‌കാരമില്ലാത്ത അധിക്ഷേപങ്ങളും അധപതിച്ച അവകാശ വാദങ്ങളുമായി നിങ്ങളുടെ ന്യൂസ് വാര്‍ റൂമുകള്‍ പ്രകമ്പനം കൊള്ളുമായിരുന്നില്ലേ?
ഒരു കാര്യം കൂടി. കേരളത്തെ സാംസ്‌കാരിക ബോധം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മുന്‍ കോളജ് അധ്യാപകനും മുന്‍ മന്ത്രിയുമായ കെ.ടി ജലീല്‍ എന്ന 'മഹാന്‍' തന്റെ മന്ത്രിപ്പണി പോയതിലുള്ള കലിപ്പില്‍ ലോകായുക്തയിലെ ജസ്റ്റിസ് സിറിയക് ജോസഫിനെ മാത്രം ആക്ഷേപിക്കുന്നതിലെ പക്ഷപാത നിലപാട് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകാത്തത്? എവിടെപ്പോയി നിങ്ങളുടെ മാധ്യമ ധര്‍മ്മം?
ബന്ധു നിയമന
കേസില്‍ ജലീലിനെതിരെ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ് ഒറ്റയ്ക്കായിരുന്നോ? ജസ്റ്റിസ് ഹാറുണ്‍ റാഷിദും ചേര്‍ന്നല്ലേ വിധി പ്രസ്താവം നടത്തിയത്. എന്നിട്ട് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ മാത്രം ആരോപണമുന്നയിക്കുന്ന ജലീലിന്റെ 'രാഷ്ട്രീയം' അന്വേഷണ കുതുകികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിടികിട്ടാതിരുന്നതു കൊണ്ടാണോ അക്കാര്യം ജലീലിനോട് ചോദിക്കാതിരുന്നത്?
ഒരു സംഭവത്തേയും മുന്‍വിധിയോടെ സമീപിക്കരുത് എന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം പോലും മറച്ചുവച്ച് മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട നടപ്പാക്കുവാനായി വാര്‍ത്താ മുറികളിലിരുന്ന് വെറും പക്കമേളമടിക്കുന്ന 'ഹൈ പ്രൊഫൈല്‍' അവതാരകരോട് അവസാനമായി ഒരു വാക്ക്... മേളപ്പെരുക്കത്തിനായി കൊട്ടിക്കയറുമ്പോള്‍ 'താളം' മറക്കരുത്.
എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതിക്ക് ഭരണഘടന അവകാശം നല്‍കുന്ന ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും മഹത്തരമായ സംവിധാനത്തെ ഇങ്ങനെ പരിഹസിക്കരുത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.