മുന്നാക്കസംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച്‌ വനിതാ ദലിത് നേതാവ് രാജിവെച്ചു

മുന്നാക്കസംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച്‌ വനിതാ ദലിത് നേതാവ് രാജിവെച്ചു

ചെങ്ങന്നൂര്‍: മുന്നാക്കസംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ചെങ്ങന്നൂരില്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് വനിതാ ദലിത് നേതാവ് രാജിവെച്ചു. ഡിവൈഎഫ്‌ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും ടൌണ്‍ മേഖല പ്രസിഡന്റുമായിരുന്ന ശ്രീകല ഗോപിയാണ് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട തനിക്ക് മുന്നാക്കസംവരണത്തില്‍ പാര്‍ട്ടി നിലപാടിനോട് യോജിച്ച്‌ പോകാനാകില്ലെന്ന് ശ്രീകല പറഞ്ഞു.

സജീവ പ്രവര്‍ത്തകയായിരുന്ന ശ്രീകല ഇന്നലെ രാവിലെയാണ് രാജിക്കത്ത് നല്‍കിയത്. താന്‍ ഉള്‍പ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് ശ്രീകല പറഞ്ഞു. സംഘപരിവാര്‍ അജണ്ട സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. രാജിവെച്ചെങ്കിലും തത്കാലം മറ്റ് പാര്‍ട്ടികളിലേക്കില്ലെന്നാണ് ശ്രീകലയുടെ നിലപാട്.

മുന്നോക്കസംവരണത്തിനെതിരായ സമരങ്ങളില്‍ സജീവമാകാനാണ് തീരുമാനം. എസ്‌എഫ്‌ഐയിലൂടെയാണ് ശ്രീകല സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. ഡിവൈഎഫ്‌ഐ ഭാരവാഹിത്വത്തിന് പുറമെ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗം, സിപിഎം ചെങ്ങന്നൂര്‍ മൂലെപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.അതേസമയം ശ്രീകല സമീപകാലത്ത് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.