തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഞായറാഴ്ച മുതലാണ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലും യാത്രയിലുടനീളവും അത്യാഢബരമായ ഫസ്റ്റ് ക്ലാസ് യാത്രാ അനുഭവം എമിറേറ്റ്സ് നൽകാനാരംഭിച്ചത്. ഇതോടെ തിരുവനന്തപുരത്ത് നിന്ന് ഫസ്റ്റ് ക്ലാസ് സേവനം നൽകുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയായി എമിറേറ്റ്സ്. യാത്രക്കാർക്കായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്സ് ലിമിറ്റഡ് ഒരുക്കുന്ന പുതിയ യാത്രാ അനുഭവങ്ങളുടെ ഭാഗമായാണ് എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് സർവീസ് തുടങ്ങിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദുബായ് വഴി മോസ്കോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളായ അമീർ ഗല്യാമോവ്, ഗാലിയ ഖോർ എന്നിവരും പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാടുമായിരുന്നു ആദ്യ ദിവസത്തെ ഫസ്റ്റ് ക്ലാസ് യാത്രക്കാർ. മൂവരെയും വിമാനത്താവള അധികൃതരും എമിറേറ്റ്സ് ജീവനക്കാരും ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ബോയിങ് 777 - 300ER വിമാനങ്ങളാണ് എമിറേറ്റ്സ് തിരുവനന്തപുരം - ദുബായ് - സെക്ടറിൽ ഉപയോഗിക്കുന്നത്. എട്ട് ഫസ്റ്റ് ക്ലാസ് സീറ്റുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളും 182 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഈ വിമാനങ്ങളിലുണ്ടാവുക. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് സർവീസ് ലഭ്യമാവുന്നത്. EK 523 വിമാനം പ്രാദേശിക സമയം പുലർച്ചെ 4.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് യുഎഇ സമയം 7.15 ന് ദുബായിൽ എത്തിച്ചേരും. തിരികെ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലെ EK 522 വിമാനം യുഎഇ സമയം രാത്രി 9.40 ന് ദുബായിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 3.10 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.