എക്സ്പോ വേദിയിൽ വീണ്ടും എടരിക്കോടിന്റ കോൽ പെരുക്കം

എക്സ്പോ വേദിയിൽ വീണ്ടും എടരിക്കോടിന്റ കോൽ പെരുക്കം

ദുബായ് : അടിതടവെന്നും ഒഴിയല്ലോ.....
ആനന്ദമായി കളി പൂമുല്ലേ...
കോൽക്കളിയുടെ ഉസ്താദ് ടി പി ആലിക്കുട്ടി ഗുരുക്കളുടെ ഇശലും മൂളി ലോകമഹാമേളയിൽ വീണ്ടും എടരിക്കോടിന്റ കോൽ പെരുക്കം.

വളരെ പതുക്കെയായിരുന്നു തുടക്കം. പിന്നെ, താളം മുറുകി. മിന്നൽവേഗത്തിൽ മറിഞ്ഞും തിരിഞ്ഞു അഭ്യാസികളെ പോലെ അവർ ചുവടുവെച്ചപ്പോൾ കോലുകളുടെ ശബ്ദത്തിന് കനമേറി.  ഒടിവിലൊരു കൂട്ടപ്പൊരിച്ചിൽ, കനത്ത ഇടിയും മഴയും പെയ്തൊഴിഞ്ഞ അവസ്ഥ.

സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ കണ്ട 'മെയ് വഴക്കം' ദുബായ് എക്സ്പോ വേദിയിലും ആവർത്തിച്ചു ഇവർ.


മേളയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന കേരള വീക്കിലാണ് എടരിക്കോടിന്റെ കോൽക്കളി അരങ്ങേറിയത്.  

ഇത് രണ്ടാം തവണയാണ് ലോക മേളയിൽ ഇവർ കളി അവതരിപ്പിക്കുന്നത്
കേരള സംസ്ഥാന സ്കൂൾ യുവജനോത്സവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കോൽക്കളിയിൽ വിജയികളായത് എടരിക്കോടായിരുന്നു.


കോൽക്കളി ആചാര്യൻ- അന്തരിച്ച ടിപി ആലിക്കുട്ടി ഗുരുക്കളായിരുന്നു 'ഈ പെരുമയുടെ ' പിന്നിൽ. 2008 -മുതൽ പ്രവാസികളായ അദ്ദേഹത്തിന്റെ ശിഷ്യപരമ്പര യുഎഇ- യിൽ ഉടനീളം വിവിധ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചുവരുന്നുണ്ട്.

ഉപജീവിതത്തിന് വകതേടി മണലാരണ്യത്തിലെത്തിയ ഈ ചെറുപ്പക്കാർക്ക് കലയോടുള്ള 'പിരിശ'വും, ഗുരുകളോടുള്ള ആദരവുമാണ് ഇത്തരത്തിലുള്ള കലാ സംഘം രൂപവത്കരിക്കാനുള്ള പ്രചോദനം.

എക്സ്പോ വേദിയിൽ കോൽക്കളിയ്‌ക്ക് പുറമേ ഇന്തോ-അറബ് ഫ്യൂഷൻ ദഫ്മുട്ടും ഇവർ അവതരിപ്പിച്ചു.  അറേബ്യയെ അടയാളപ്പെടുത്തി കന്തൂറയും ഖത്വറയും അണിഞ്ഞുള്ള - ദഫ് മുട്ടുക്കാരും, കേരളത്തിന്റെ
ആയോധന കലയായ കളരിപയറ്റും ചേർന്ന് ഇണക്കിയ പുതിയ ഫ്യൂഷനാണ് ഇവർ വേദിയിൽ അവതരിപ്പിച്ചത്.

സബീബ് എടരിക്കോടിന്റെയും ജലീൽ വാളക്കുളത്തിന്റെയും നേതൃത്വത്തിൽ ഫവാസ്, വിഷ്ണു, ഫാസിൽ, ഗഫൂർ അജ്മൽ, മഹറൂഫ്, ജുനൈദ്, അനസ്, ശിഹാബുദ്ദീൻ, മുനീഷ്, കൃഷ്ണപ്രസാദ്, മിഥുൻ, റഹ്മത്തുള്ള, നദീർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

അസീസ് മണമ്മലാണ് ടീമിന്റെ പരിശീലകൻ ഫോട്ടോ ദുബായ് എക്സ്പോയിലെ കേരളവീക്കിൽ കോൽക്കളി അവതരിപ്പിക്കുന്ന എടരിക്കോട് കോൽക്കളി സംഘം.

വീഡിയോ : വേദിയിൽ അവതരിപ്പിച്ച എടരിക്കോട് ടീമിന്റെ കോൽക്കളി




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.