ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; ആദ്യം കടന്നു പോയത് മലബാര്‍ എക്സ്പ്രസ്

ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; ആദ്യം കടന്നു പോയത് മലബാര്‍ എക്സ്പ്രസ്

കൊച്ചി: തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. ഇന്ന് രാവിലെയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍പ്പെട്ട ട്രെയിനിന്റെ ബോഗികള്‍ മാറ്റി പാളം അറ്റകുറ്റപണി നടത്തിയതിനു ശേഷം ആദ്യ വണ്ടി ഇതുവഴി കടത്തിവിട്ടു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന മലബാര്‍ എക്സ്പ്രസാണ് ആദ്യമായി കടന്നു പോയത്.

അപകടത്തിനു ശേഷം ഇന്നലെ തന്നെ ഒരു പാളത്തിലൂടെ ഇരു വശത്തേക്കും സര്‍വ്വീസ് ആരംഭിച്ചിരുന്നുവെങ്കിലും ഇതുമൂലം ട്രെയിനുകള്‍ ഏറെ വൈകിയാണ് ഓടിയിരുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയിരുന്നു.

എറണാകുളം-ആലപ്പുഴ എക്സ്പ്രസ്(സ്പെഷ്യല്‍), ആലപ്പുഴ-എറണാകുളം(സ്പെഷ്യല്‍), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, പാലക്കാട്-എറണാകുളം മെമു എന്നിവയാണ് ഇന്ന് പൂര്‍ണമായും റദ്ദാക്കിയത്.

ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ് പ്രസ്, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ് പ്രസ് എന്നിവയും ഇന്ന് റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊര്‍ണ്ണൂര്‍ വരെ മാത്രമാണ് ഇന്ന് സര്‍വ്വീസ് നടത്തുന്നത്.

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ആലപ്പുഴയില്‍ നിന്നും യാത്ര ആരംഭിക്കുന്നതിന് പകരമായി ഇന്ന് ഷൊര്‍ണ്ണൂരില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക. എറണാകുളം-പാലക്കാട് മെമു എറണാകുളം ജംങ്ഷനില്‍ നിന്നും യാത്ര ആരംഭിക്കുന്നതിന് പകരം ഇന്ന് ആലുവയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.