13 കരാറുകളില്‍ ഒപ്പുവച്ച് യുഎഇയും തു‍ർക്കിയും

13 കരാറുകളില്‍ ഒപ്പുവച്ച് യുഎഇയും തു‍ർക്കിയും

അബുദബി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ തു‍ർക്കി പ്രസിഡന്‍റ് തയ്യീപ് എർദോഗനെ അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും മേഖലയിലെ സഹകരണത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ ഉള്‍പ്പടെ വിവിധ മേഖലകളിലെ 13 സഹകരണ കരാറുകളുടെയും ധാരണാപത്രങ്ങളുടെയും കൈമാറ്റത്തിന് ഇരുവരും സാക്ഷ്യം വഹിച്ചു. 

ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസും തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലുവും ആരോഗ്യ, ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ധാരണാപത്രവും കരാറും ഒപ്പുവച്ചു.
വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബറും തുർക്കി വ്യവസായ സാങ്കേതിക മന്ത്രി മുസ്തഫ വരങ്കും നൂതന വ്യവസായങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ചുള്ള ധാരണാപത്രം ഒപ്പുവച്ചു. 

കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യുഎഇയുടെ പ്രത്യേക പ്രതിനിധി ഡോ. സുൽത്താൻ അൽ ജാബറും തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലുവും ചേർന്ന് കാലാവസ്ഥയെക്കുറിച്ചുള്ള മൂന്നാമത്തെ ധാരണാപത്രം ഒപ്പുവച്ചു. 

സാംസ്കാരിക സഹകരണം സംബന്ധിച്ച ധാരണാപത്രം സാംസ്കാരിക യുവജന മന്ത്രി നൂറ അൽ കാബിയും തുർക്കി സാംസ്കാരിക ടൂറിസം മന്ത്രി മെഹ്മത് നൂറി എർസോയും കൈമാറി. ഇതുള്‍പ്പടെ 13 കരാറുകളിലാണ് ഇരു രാജ്യങ്ങളിലും തമ്മില്‍ ധാരണയായത്. 

ഇന്ന് ഉ‍ർദുഗാനും ഭാര്യ എമൈനും ദുബായ് എക്സ്പോയിലെ തുർക്കി പവലിയന്‍ സന്ദർശിച്ചേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സന്ദർശനം ഉപകരിക്കുമെന്നാണ്​ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.