സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍ അധ്യയനത്തിലേക്ക്; ഒരേ സമയം 47 ലക്ഷം കുട്ടികള്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക്

സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍ അധ്യയനത്തിലേക്ക്; ഒരേ സമയം 47 ലക്ഷം കുട്ടികള്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച സ്‌കൂളുകളിലെത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളില്‍ ഉണ്ട്. ഒന്ന് മുതല്‍ പത്ത് വരെ ക്‌ളാസുകളില്‍ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തില്‍ പരം അധ്യാപകരും ഹയര്‍ സെക്കന്ററിയില്‍ മുപ്പത്തിനായിരത്തില്‍ പരം അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.

പ്രീപ്രൈമറി സ്‌കൂളുകളിലും കുട്ടികള്‍ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ഉച്ചവരെ ക്ളാസുകള്‍ ഉണ്ടാകും. പ്രീപ്രൈമറി മുതല്‍ എട്ടാം ക്‌ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം വിതരണവും ചെയ്യും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മാര്‍ഗരേഖ നിര്‍ദ്ദേശിച്ച പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആകും സ്‌കൂള്‍ നടത്തിപ്പെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവര്‍ക്കും ആത്മവിശ്വാസത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും എല്ലാവരും പാലിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.