ദുബായ്: കാഴ്ച പരിമിതര്‍ക്കുള്ള ത്രികോണ ക്രിക്കറ്റ് പരമ്പര ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് ടീമുകളെ പങ്കെടുപ്പിച്ച് 2022 മാര്‍ച്ച് 13 മുതല്‍ 19 വരെ ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒരുക്കും. ഭീമ ജൂവലേഴ്‌സും കോസ്‌മോസ് സ്‌പോര്‍ട്‌സും ചേര്‍ന്ന് ഐപിഎ ആഭിമുഖ്യത്തിലാണ് ട്രയാംഗുലര്‍ ബ്‌ളൈന്‍ഡ് സീരീസ് നടത്തുന്നത്.
യുഎഇയിലുടനീളം ബ്‌ളൈന്‍ഡ് ക്രിക്കറ്റ് പ്രോല്‍സാഹിപ്പിക്കാനും വികസിപ്പിക്കാനും ബോധവത്കരണത്തിനുമായാണ് ത്രികോണ മല്‍സരം നടത്തുന്നതെന്ന് സംഘാടക സമിതിക്കു വേണ്ടി ചെയര്‍മാന്‍ ഇ.കെ രാധാകൃഷ്ണന്‍, കോ-ചെയര്‍മാന്‍ എ.കെ ഫൈസല്‍, ജന.സെക്രട്ടറി യു.നാഗരാജ റാവു, ഐപിഎ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ആകെ 6 ലീഗ് മല്‍സരങ്ങളാണുള്ളത്. മാര്‍ച്ച് 19നാണ് ഫൈനല്‍. ടീമുകള്‍ 12ന് യുഎഇയിലെത്തും.ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്‌ളൈന്‍ഡ് ഇന്‍ ഇന്ത്യ (സിഎബിഐ) സംഘാടക സമിതിയെ യുഎഇയില്‍ രൂപീകരിച്ചാണ് മല്‍സരം ഒരുക്കുന്നത്. വേള്‍ഡ് ബ്‌ളൈന്‍ഡ് ക്രിക്കറ്റ് (ഡബ്‌ള്യുബിസി) ലിമിറ്റഡിന് കീഴില്‍ യുഎഇയില്‍ ഭാവിയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ യുഎഇ ബ്‌ളൈന്‍ഡ് ക്രിക്കറ്റ് ടീമിനെ രൂപീകരിക്കാന്‍ ഈ ടൂര്‍ണമെന്റ് സഹായിക്കും. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സിഎബിഐ സീനിയര്‍ വൈസ് പ്രസിഡന്റും ഡബ്‌ള്യുബിസി സെക്കന്റ് വൈസ് പ്രസിഡന്റുമായ രജനീഷ് ഹെന്റിയും സുഹൃത്തുക്കളും സാങ്കേതികവും പരിശീലനപരവുമായ പിന്തുണ നല്‍കുന്നതാണ്.
ഇന്ത്യയില്‍ അന്ധരുടെ ക്രിക്കറ്റ് നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അപെക്‌സ് ബോഡിയാണ് സിഎബിഐ. കൂടാതെ, 24 സംസ്ഥാന അസോസിയേഷനുകളും 25,000ത്തിലധികം കളിക്കാരും ഇന്ത്യയിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പങ്കെടുത്തു വരുന്നു.
ഡബ്‌ള്യുബിസിയില്‍ അഫിലിയേറ്റ് ചെയ്ത സിഎബിഐ ഭിന്നശേഷിക്കാര്‍ക്കായുള്ള 'സമര്‍ത്ഥനം ട്രസ്റ്റി'ന്റെ ക്രിക്കറ്റിംഗ് വിഭാഗവും സംരംഭവുമാണ്. ജില്ലാ, സംസ്ഥാന, സോണല്‍, ദേശീയ തലങ്ങളില്‍ ടൂര്‍ണമെന്റുകള്‍ ഒരുക്കുന്നു.
ഐജിഐ, അല്‍നൂര്‍ ക്‌ളിനിക്, എമിറേറ്റ്‌സ് ഫസ്റ്റ്,ഫൈൻടൂൾസ്, ലെന്‍സ് ക്രാർട്ട്, എല്‍പി ഫ്‌ളെക്‌സ്, ലൈഫ് ഫാര്‍മസി, അല്‍മസറത്, മാര്‍വല്‍ അഡ്വര്‍ടൈസിംഗ്, കാലിക്കറ്റ് നോട്ട്ബുക്ക് തുടങ്ങിയവരാണ് ക്രിക്കറ്റ് പരമ്പരക്ക് പിന്തുണ നൽകുന്ന പ്രായോജകർ.
കാഴ്ചവൈകല്യമുള്ളവരുടെ ശാക്തീകരണത്തിന് ക്രിക്കറ്റ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ജീവകാരുണ്യപരമായ ഈ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ സുമനസുകളും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
സിഎബിഐ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്റി, സിഎബിഐ ജന.സെക്രട്ടറിയും ഡബ്‌ള്യുബിസി ഗ്‌ളോബല്‍ ഡെവലപ്‌മെന്റ് ഡയറക്ടറുമായ ജോണ്‍ ഡേവിഡ്, സംഘാടക സമിതി ട്രഷറര്‍ കീര്‍ത്തി കോതിയ ,ജമാദ് ഉസ്മാൻ, ഇസ്മായിൽ റജബ്,തൻഹ നിയാസ് അൽനൂർ ക്ളിനിക്, ജാസിം ഫൈസൽ കോസ്മോസ് സ്പോർട്സ്, ഐ പിഎ പ്രതിനിധികളായ മുനീർ അൽ വഫ, സി എ ശിഹാബ് തങ്ങൾ,റഫീഖ് അൽ മായാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.