റഷ്യന്‍ അധിനിവേശം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കും: ഫിലാഡല്‍ഫിയയിലെ ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പ്

റഷ്യന്‍ അധിനിവേശം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കും: ഫിലാഡല്‍ഫിയയിലെ ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പ്

ഫിലാഡല്‍ഫിയ: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന് ഫിലാഡല്‍ഫിയയിലെ ഉക്രെയ്‌നിയന്‍ ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക്. ഇവിടുത്തെ കത്തോലിക്കാ ബിഷപ്പുമാര്‍ റഷ്യയുടെ 'ഹിറ്റ് ലിസ്റ്റില്‍' ഉണ്ടാകാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ മനസിലാക്കി 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' പോലുള്ള സംഘടനകളിലൂടെ പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

'ഉക്രെയ്‌നിന്റെ സംരക്ഷകര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി, അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. വ്ളാഡിമിര്‍ പുടിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നു'.

യു.എസ്.എ ആസ്ഥാനമായ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' സംഘടനയുടെ ചെയര്‍മാന്‍ ജോര്‍ജ് മാര്‍ലിനുമായി സൂം വഴി നടത്തിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക് ഈ പ്രാര്‍ത്ഥന പങ്കുവച്ചത്. 1947-ല്‍ സ്ഥാപിതമായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്, മാനുഷികമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റി സംഘടനയാണ്. നിലവില്‍ 149 രാജ്യങ്ങളിലായി 5,000-ലധികം പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. 74 വര്‍ഷമായി ഉക്രെയ്‌നില്‍ സംഘടനയുടെ പ്രവര്‍ത്തനം സജീവമാണ്.

'ഉക്രെയ്‌നിലെ ഏതെങ്കിലും ഭാഗത്ത്, പ്രത്യേകിച്ച്, കത്തോലിക്കാ സഭ ശുശ്രൂഷിക്കുന്നിടത്ത് റഷ്യന്‍ അധിനിവേശം ഉണ്ടാകുമ്പോഴെല്ലാം സഭയെ നിയമവിരുദ്ധമാക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് ചരിത്രത്തെ ഉദ്ധരിച്ച് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

കത്തോലിക്കര്‍ മാത്രമല്ല, ഉക്രെയ്‌നിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ക്രിമിയയിലെ മുസ്ലിങ്ങള്‍, ജൂതന്മാരും പ്രൊട്ടസ്റ്റന്റുകാരുമൊക്കെ സമാനമായ അവസ്ഥയിലാണ്. 2014 മുതല്‍ ക്രിമിയയിലും കിഴക്കന്‍ ഉക്രെയ്‌നിലും നടക്കുന്ന റഷ്യന്‍ അധിനിവേശം കത്തോലിക്ക സഭയ്ക്കും മറ്റ് മതങ്ങള്‍ക്കും ദോഷകരമായാണ് ഭവിച്ചിട്ടുള്ളത്-ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക് പറഞ്ഞു.

ഏറ്റവും പുതിയ റഷ്യന്‍ അധിനിവേശത്തില്‍ ഒരു ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ കൊല്ലപ്പെട്ടു. ഉക്രെയ്‌നിയന്‍ കത്തോലിക്കാ സഭയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലോവ് ഷെവ്ചുക് റഷ്യയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് ഉറപ്പാണ്. അദ്ദേഹം ഇപ്പോള്‍ ബങ്കറില്‍ സുരക്ഷിതനാണെങ്കിലും രാജ്യ തലസ്ഥാനത്തെ ബോംബ് വര്‍ഷത്തിനിടയിലാണ് കഴിയുന്നത്. പല ബിഷപ്പുമാരും വൈദികരും സമാനമായ അവസ്ഥയിലാണെന്ന് താന്‍ കരുതുന്നു.

2019 മുതല്‍ ഫിലാഡല്‍ഫിയയില്‍ ആര്‍ച്ച് ബിഷപ്പാണ് ബോറിസ് ഗുഡ്സിയാക്ക്. ഉക്രെയ്നില്‍ മാത്രം 3.6 ദശലക്ഷം അംഗങ്ങളുള്ള ഈസ്റ്റേണ്‍ കത്തോലിക്കാ സഭയായ ഉക്രേനിയന്‍ കാത്തലിക് ചര്‍ച്ചിന്റെ വിദേശകാര്യ ഡയറക്ടറാണ്.

'ഉക്രെയ്നിന്റെ ആത്മീയ പൈതൃകം നശിപ്പിക്കുന്നു'

ഉക്രെയ്നിന്റെ ആത്മീയ പൈതൃകം റഷ്യന്‍ അധിനിശേത്തിലൂടെ നശിപ്പിക്കപ്പെടുകയാണെന്ന് ഉക്രെയ്‌നിലെ ഗ്രീക്ക് കാത്തലിക് ചര്‍ച്ച് തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലാവ് ഷെവ്ചുക് പറഞ്ഞു.

ഫെബ്രുവരി 24 മുതല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെത്തുടര്‍ന്ന് ഉക്രെയ്‌നിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ പുരോഹിതന്മാര്‍ ഉള്‍പ്പെടെ കൊല്ലപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ആശങ്ക പ്രകടിപ്പിച്ചു.


1862-ല്‍ പണികഴിപ്പിച്ച, ഏറെ ചരിത്രപ്രധാന്യമുള്ള ഉക്രെയ്നിലെ പരിശുദ്ധ കന്യകയുടെ പള്ളി റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍

'നമ്മുടെ ആത്മീയ പൈതൃകമാണ് ബോംബാക്രമണത്തിലൂടെ നശിക്കുന്നത്. പള്ളികള്‍, ആത്മീയ മൂല്യങ്ങള്‍, സാംസ്‌കാരിക നിധികള്‍ അങ്ങനെ വിലമതിക്കാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍. പുരോഹിതന്മാര്‍ കൊല്ലപ്പെടുന്നു. ഈ രാജ്യത്തിന്റെ ദുരിതം ലഘൂകരിക്കാന്‍ ഏതെങ്കിലും വിധത്തില്‍ ശ്രമിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ചോരയും ഒഴുകുകയാണ്.

കീവ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ആര്‍ച്ച് ബിഷപ്പ് ഉക്രെയ്‌നിലെ മതസംഘടനകള്‍ തമ്മിലുള്ള ഐക്യത്തിന് ആഹ്വാനം ചെയ്തു.

ഉക്രെയ്‌നിലെ എല്ലാ മതസമൂഹങ്ങളുടെയും കൂട്ടായ്മയായ ഉക്രെയ്‌നിയന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആന്റ് റിലീജിയസ് ഓര്‍ഗനൈസേഷന്‍സ് (UCCRO) സാധാരണക്കാര്‍ക്ക് നേരെയുള്ള ഷെല്ലാക്രമണത്തെ ശക്തമായി അപലപിച്ചു.

കൂടുതല്‍ വായനയ്ക്ക്

സ്വര്‍ഗീയ സൈന്യങ്ങള്‍ ഉക്രെയ്‌നു വേണ്ടി യുദ്ധം ചെയ്യുന്നതായി ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍

യുദ്ധഭൂമിയില്‍ ആത്മീയ പിന്തുണയുമായി മാര്‍പാപ്പയുടെ പ്രതിനിധിയെത്തി; ഉക്രെയ്‌നില്‍ തുടരാന്‍ കര്‍ദിനാളിനോട് മാര്‍പാപ്പ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.