ദൈവസങ്കല്പം: ഒരു ഗണിതവീക്ഷണം

ദൈവസങ്കല്പം: ഒരു ഗണിതവീക്ഷണം

ഗണിതശാസ്ത്രത്തിൽ ഒരു ബിന്ദുവിൻറെ മാനം (ഡൈമൻഷൻ) പൂജ്യമാണ് . ആ ബിന്ദുവിൽനിന്നു രണ്ടുവശത്തേക്കും നീട്ടിയാൽ ഒരു രേഖ ലഭിക്കും. അത് ഏകമാനമാണ്; നീളമെന്നു നാമതിനെ വിളിക്കും. ആ ബിന്ദുവിൽ നിന്ന് ആദ്യത്തെ രേഖക്ക് ലംബമായി മറ്റൊരു രേഖ വരച്ചാൽ കിട്ടുന്നത് ഒരു കാർട്ടീഷ്യൻ പ്രതലമാണ് (പ്ലെയ്ൻ). നീളവും വീതിയുമുള്ള അത് ദ്വിമാനമാണ്. ആദ്യമെടുത്ത ബിന്ദുവിലൂടെ ഈ പ്രതലത്തിനു മറ്റൊരു ലംബം വരച്ചാൽ നമുക്ക് ലഭിക്കുന്നത് ത്രിമാനമായ മറ്റൊരു തലമാണ് (സ്പേസ്). അവിടെ നീളവും വീതിയും ഉയരവും നമുക്ക് സംവേദ്യമാകും. ഇങ്ങനെ തുടർന്നുകൊണ്ട് ചതുർമാനവും പഞ്ചമാനവും പരിമിതമാനങ്ങളും (ഫിനിറ്റ് ഡൈമൻഷൻ) അപരിമിതമാനങ്ങളുമെല്ലാം (ഇൻഫിനിറ്റി ഡൈമൻഷൻ) ഗണിതശാസ്ത്രത്തിൻറെ ചിന്താവിഷയങ്ങളാണ്. ഏതൊരു മാനത്തിനും അതിനു താഴെയുള്ള മാനങ്ങളുടെ സവിശേഷതകൾ സംലഭ്യമാണെങ്കിലും ഒരെണ്ണത്തിൽനിന്നു അതിനു താഴെയുള്ള മാനങ്ങൾ നോക്കിക്കാണുമ്പോൾ അവ നിസ്സാരമായാണ് അനുഭവപ്പെടുക. രേഖയിൽ ഒരു ബിന്ദു എന്നത് എത്രമാത്രം നിസ്സാരമാണോ അത്രമാത്രം നിസ്സാരമാണ് ദ്വിമാനപ്രതലത്തിൽ ഒരു രേഖയും ത്രിമാനതലത്തിൽ ഒരു പ്രതലവും. അപ്പോൾ ത്രിമാനതലത്തിൽനിന്നുകൊണ്ട് ഒരു രേഖയോ ബിന്ദുവോ നോക്കിക്കാണുമ്പോൾ അവ എത്ര അതിനിസ്സാരമെന്ന് നമുക്ക് ഊഹിക്കാനാകും.

ഈ ഗണിതശാസ്ത്ര അളവുകോലിനെ നമ്മുടെ ജീവപ്രപഞ്ചവുമായി താരതമ്യം ചെയ്യുന്നത് സാധാരണമാണ്. ഉറുമ്പിനു പ്രതലങ്ങൾ മാത്രമേ കാണാൻ സാധിക്കൂ എന്ന് പറയാറുണ്ട് . മനുഷ്യന് ത്രിമാനതലങ്ങൾ ദർശിക്കാനാകും. നാം ഒരു കണ്ണടച്ചു മറുകണ്ണ് കൊണ്ടുമാത്രം നോക്കിയാൽ വസ്തുക്കൾ പൂർണ്ണമായും ത്രിമാനത്തിൽ കാണാനാകില്ലല്ലോ? ഇതുപോലെ ഏതൊരു മാനത്തിലുമുള്ള ജീവജാലങ്ങൾക്ക് അതിലോ അതിനു താഴെയുള്ള തലങ്ങളിലോ ഉള്ള ജീവജാലങ്ങളെയാണ് കാണാൻ സാധിക്കുക. മുകളിലുള്ളവയെ സങ്കല്പിക്കാൻപോലും സാധിക്കണമെന്നില്ല; സങ്കല്പിച്ചാലും ശരിയാകണമെന്നുമില്ല. ത്രിമാനത്തിൽ ജീവിക്കുന്നവക്ക് മുന്നോട്ടും പുറകോട്ടും നീങ്ങാം; ഇടത്തേക്കും വലത്തേക്കും പോകാം; മുകളിലേക്കും താഴേക്കും സഞ്ചരിക്കാം. ഈ ത്രിമാനത്തിനപ്പുറത്തേക്കു സമയവും കൂട്ടിച്ചേർത്തുകൊണ്ടു ചതുർമാനത്തെക്കുറിച്ചും നാം സംസാരിക്കാറുണ്ട്. അപ്പോൾ ചതുർമാനജീവികൾക്ക് വർത്തമാന സമയത്തിൽനിന്ന് ഭാവിയിലേക്കും ഭൂതകാലത്തിലേക്കും സഞ്ചരിക്കാൻ സാധിച്ചേക്കും. സമയയന്ത്രത്തെക്കുറിച്ചു നാം പലപ്പോഴും കേൾക്കാറുള്ളത് ഇത്തരുണത്തിൽ സ്മരണീയമാണ്. ഇതുപോലെ നാം ജീവിക്കുന്ന ഈ പ്രപഞ്ചം ഒരു ഹേതുവായി പരിഗണിച്ചുകൊണ്ട് അതിനപ്പുറത്തും ഇപ്പുറത്തുമുള്ള മറ്റു പ്രപഞ്ചങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവനുകളുമുണ്ടാകാം. ഇത്തരത്തിൽ അപരിമിതമാനങ്ങളുള്ള ജീവനുകളുടെ പ്രപഞ്ചത്തിലെ സാന്നിധ്യം നമുക്കൊരിക്കലും നിഷേധിക്കാനാകില്ല.

ഗണിതശാസ്ത്രത്തിൽ അപരിമിതമാനങ്ങൾ പറയുമ്പോൾ അതിനു സദൃശ്യമായി ജീവലോകത്തിലും ദ്വിമാനവും ത്രിമാനവും പരിമിതമാനവും മാത്രമല്ല അപരിമിതമാനവും സാധ്യതകളാണ്. പരിമിതമാനങ്ങൾക്കപ്പുറം അപരിമിതമായ, അനന്തമായ മാനങ്ങളുള്ള മറ്റു ശക്തികളുമുണ്ടാകാം. ഇത്തരുണത്തിൽ നമുക്ക് അദൃശ്യനായ ദൈവത്തെയും അനന്തമാനങ്ങളുള്ള ജീവനുള്ള അസ്തിത്വമായി സങ്കല്പിക്കുന്നത് തീർത്തും സാംഗത്യമാണ്. നാം കാണുന്നതിനപ്പുറമുള്ളതെല്ലാം മിഥ്യയെന്നു വിചാരിക്കുന്നത്, ഒരുറുമ്പ് മനുഷ്യനെക്കുറിച്ചു നീളവും വീതിയും മാത്രമുള്ള ദ്വിമാന ജീവിയാണ് മനുഷ്യൻ എന്ന് സങ്കല്പിക്കുന്നതിനു തുല്യമല്ലെ? ത്രിമാനംവരെയുള്ള വസ്തുക്കൾ കാണാനും അനുഭവിക്കാനും സാധിക്കുന്ന മർത്യൻ അനന്തമാനമുള്ള ദൈവത്തെക്കുറിച്ചു കൂലങ്കഷമായി ചിന്തിക്കുകയും ഇല്ല എന്ന് സ്ഥാപിക്കാൻ വ്യഗ്രതപ്പെടുകയും ചെയ്യുന്നത് പലപ്പോഴും കുണ്ടുകിണറ്റിലെ തവളയുടെ മനോഭാവം തന്നെയല്ലേ?

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

നാലപ്പാട്ടു നാരായണമേനോന്‍
(കണ്ണുനീര്‍ത്തുള്ളി)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.