ചുട്ട് പൊള്ളുന്ന ചൂടില്‍ നിന്നും മോചനം നേടാന്‍, കോട മഞ്ഞിന്റെ മൂടുപടം മാറ്റി ഇല്ലിക്കല്‍ക്കല്ല് മാടിവിളിക്കുന്നു. തണുത്ത കാറ്റും കിന്നാരം പറയുന്ന മേഘങ്ങളും കാഴ്ചകളുടെ നിറവസന്തം ചൊരിയുന്ന മലനിരകളുമൊക്കെയായി സഞ്ചാര മനസുകളെ വിസ്മയിപ്പിക്കുകയാണ് ഈ പ്രകൃതി സുന്ദരി.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറിയിരിക്കുകയാണ് ഇല്ലിക്കല്‍ക്കല്ല്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരം അടി മുകളിലായതിന്റെ തലയെടുപ്പുണ്ട് ഇല്ലിക്കല്‍ കല്ലിന്. മുകളില്‍ എത്തിയാല്‍ മാനം തൊടും പോലെ തോന്നും.
അടിവാരത്ത് നിന്നും കുറച്ചേറെ ദൂരം നടന്നോ, ഡി.ടി.പി.സിയുടെ ജീപ്പിലോ മുകളിലെത്താം. പോതക്കാടുകള്‍ക്കിടയിലെ മഞ്ഞിനെ വകഞ്ഞു മാറ്റി മലമടക്കുകള്‍ താണ്ടിയുള്ള യാത്ര. പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളെ തൊട്ടുതലോടിയെത്തുന്ന കാറ്റ് ശരീരവും മനസും ഒരുപോലെ കുളിര്‍പ്പിക്കും.
ട്രക്കിംങിന്റെ ആവേശം നിറയ്ക്കാന്‍ കുത്തനെയുള്ള കയറ്റവും ഉണ്ട്. പിടിച്ചു കയറാന്‍ സുരക്ഷാ വേലിയും. മുകളിലെത്തിയാല്‍ കുടക്കല്ല്, കൂനന്‍ കല്ല് എന്നിങ്ങനെയുള്ള രണ്ടു പാറകള്‍ ഇവയ്ക്കു താഴെ ഗുഹയും കൂടെ ഉമ്മിക്കുന്നും. ഞൊടിയിടയില്‍ മൂടല്‍മഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മൂടും. തണുത്ത കാറ്റ് ഇടയ്ക്കിടെ വന്നു ഇക്കിളിപ്പെടുത്തി കടന്നു പോകും.
നട്ടുച്ചയ്ക്ക് പോലും വീശിയടിക്കുന്ന തണുത്ത കാറ്റ് എല്ലാം മറന്ന് മറ്റൊരു ലോകത്ത് എത്തിക്കും. പ്രകൃതിയുടെ മടിത്തട്ടില്‍ കാഴ്ചകള്‍ കൂട്ടിന് വരുമ്പോള്‍ മനസ് നിറയെ ഇല്ലിക്കക്കല്ലിന്റെ വശ്യത നിറഞ്ഞു നില്‍ക്കും. ചുരുങ്ങിയ ബഡ്ജറ്റില്‍ കോട്ടയത്തും അയല്‍ജില്ലകളിലും ഉള്ളവര്‍ക്ക് ഒറ്റദിവസം കൊണ്ട് പോയി വരാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യം, മിന്നലും ഇടിയും ഉള്ളപ്പോള്‍ ഇങ്ങോട്ടെയ്ക്കുള്ള യാത്ര അപകടകരമാണെന്നതാണ്. ഇല്ലിക്കല്‍ കല്ലിന്റെ മുകള്‍ ഭാഗത്തേക്ക് സഞ്ചാരികള്‍ പോകുന്നതിനും വിലക്കുണ്ട്. അതിനു സമീപത്തുള്ള കുന്നുവരെ പോകാനെ അനുമതിയുള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.