സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് വേദി നിര്‍മാണം: വീണ്ടും നോട്ടീസയച്ച് അധികൃതര്‍; നിര്‍മാണത്തുകയുടെ 20% പിഴയൊടുക്കേണ്ടി വരും

സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് വേദി നിര്‍മാണം: വീണ്ടും നോട്ടീസയച്ച് അധികൃതര്‍; നിര്‍മാണത്തുകയുടെ 20% പിഴയൊടുക്കേണ്ടി വരും

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം ചട്ടവിരുദ്ധമെന്ന് കന്റോണ്‍മെന്റ് ബോര്‍ഡ്. തീരദേശ നിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് കന്റോണ്‍മെന്റ് ബോര്‍ഡ് വ്യക്തമാക്കി. അനുമതിയില്ലാതെ നായനാര്‍ അക്കാഡമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കന്റോണ്‍മെന്റ് ആക്ടിലെ സെക്ഷന്‍ 248 പ്രകാരം ഇത് രണ്ടാം തവണയാണ് നോട്ടീസ് നല്‍കുന്നത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും കന്റോണ്‍മെന്റ് ബോര്‍ഡ് അറിയിച്ചു. നിര്‍മാണം നിയമവിരുദ്ധമാണെന്നും പണി നിര്‍ത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് ആദ്യം നോട്ടീസ് അയച്ചത്.

പൊളിച്ചു മാറ്റാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ അറിയിക്കണമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് നായനാര്‍ അക്കാഡമി അധികൃതര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചു കൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

നിര്‍മാണം അംഗീകരിക്കാനായി നിര്‍മാണത്തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസിനു വേണ്ടി നായനാര്‍ അക്കാഡമിയില്‍ താല്‍ക്കാലിക കെട്ടിടമാണ് നിര്‍മിക്കുന്നത്. എന്നാല്‍ താല്‍ക്കാലിക നിര്‍മാണത്തിന്റെ പേരില്‍ സ്ഥിര നിര്‍മാണം നടത്തുന്നുവെന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് ആരോപിക്കുന്നത്.

നേരത്തെ പണിമുടക്ക് ദിനത്തില്‍ നായനാര്‍ അക്കാഡമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് ഏറെ ചര്‍ച്ചയായിരുന്നു. അവിടെ തന്നെ താമസിച്ച് പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.