കൊച്ചി: നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും ഉള്‍പ്പെടെ എല്ലാത്തിനും വില കുതിക്കുന്നു. എം സാന്‍ഡ്, ചെങ്കല്ല്, സിമന്റ് കട്ട, ഹോളോ ബ്രിക്‌സ് എന്നിവയുടെ വിലയും ഉയര്‍ന്നു. ഇതോടെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിര്‍മാണ ചെലവില്‍ 20 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി ഈ മേഖലയിലയിലുള്ളവര്‍ പറയുന്നു.
കമ്പിയുടെ വിലയിലാണ് വന്‍ വര്‍ധന. രണ്ടാഴ്ച്ചയ്ക്കിടെ കിലോയ്ക്ക് 35 രൂപയോളമാണ് കൂടിയത്. ഒരുക്വിന്റല്‍ കമ്പിയ്ക്ക് 2000 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. വില കൂടിയതോടെ വില്‍പ്പനയിലും ഇടിവുണ്ടായെന്ന് വ്യാപാരികള്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ 45 രൂപയായിരുന്നു കമ്പിക്ക് കിലോ വില. ക്രമേണ വര്‍ധിച്ച് 65 രൂപയായി.
സിമന്റിന് 50 കിലോയുടെ ചാക്കിന് 60 രൂപ കൂടി. ഇത് നിര്‍മാണ മേഖലയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 40 മുതല്‍ 50 രൂപ വരെയാണ് ചാക്കൊന്നിന് കൂടിയത്. മുന്‍നിര കമ്പനികളുടെ സിമന്റിന് ഇപ്പോള്‍ 450 രൂപ നല്‍കണം. ഇടത്തരം കമ്പനികളുടെ സിമന്റിനും വില കൂടി. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്പനികളുടെ സിമന്റിന് ഇപ്പോള്‍ 380 രൂപ നല്‍കണം.
ചെങ്കല്ലിനും കരിങ്കല്ലിനും വില കൂടിയിട്ടുണ്ട്. 50-60 രൂപ വരെയാണ് ചെങ്കല്ല് വില. നിര്‍മാണത്തിന് ഉപയോഗിക്കുന്ന എംസാന്‍ഡിനും (കൃത്രിമ മണല്‍) വില 100 അടിക്ക് 500 രൂപയോളം കൂടി. സാധനം എത്തിക്കാനുള്ള ദൂരത്തിനനുസരിച്ച് പ്രാദേശികമായി വിലയില്‍ മാറ്റമുണ്ട്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാനുള്ള തടസമാണ് വില കൂട്ടാന്‍ ഇടയാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. കോവിഡ് മൂന്നാം തരംഗത്തിനു ശേഷം നിര്‍മാണ മേഖല പച്ചപിടിച്ചു വരുന്നതിനിടെയാണ് വിലവര്‍ധന ഇരുട്ടടിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.