ദിവ്യകാരുണ്യത്തിന്റെ മധ്യസ്ഥന്‍; കാര്‍ലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി അമേരിക്കന്‍ മെത്രാന്‍ സമിതി

ദിവ്യകാരുണ്യത്തിന്റെ മധ്യസ്ഥന്‍; കാര്‍ലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി അമേരിക്കന്‍ മെത്രാന്‍ സമിതി

വാഷിങ്ടണ്‍: ദിവ്യകാരുണ്യ ആരാധനയുടെ മധ്യസ്ഥന്‍ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി അമേരിക്കന്‍ മെത്രാന്‍ സമിതി. കാസിയയില്‍ നടന്ന കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സില്‍ (യുഎസ് സിസിബി) ഇറ്റലിയിലെ ആര്‍ച്ച് ബിഷപ്പ് ഡൊമെനിക്കോ സൊറെന്റിനോയില്‍ നിന്നാണ് തിരുശേഷിപ്പ് സ്വീകരിച്ചത്. വിശുദ്ധകുര്‍ബാനാമധ്യേ കര്‍ദ്ദിനാള്‍ ഡോലന്‍ തിരുശേഷിപ്പ് ഏറ്റുവാങ്ങി.

സാങ്കേതികവിദ്യയുടെ വിശുദ്ധപരമായ ഉപയോഗിത്തിലൂടെ വിശുദ്ധ കുര്‍ബാനയെയും ദിവ്യകാരുണ്യത്തെയും മഹത്വപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ച യുവാവാണ് വാഴ്ത്തപ്പെട്ട കാര്‍ലോയെന്ന് പ്രസംഗമധ്യേ കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. കാര്‍ലോയുടെ പ്രവര്‍ത്തികള്‍ യുവാക്കള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.



കാസിയയിലെ സെന്റ് റീത്ത-സെന്റ് പയസ് അഞ്ചാമന്‍ ചര്‍ച്ചില്‍ നടന്ന കുര്‍ബാനയില്‍ ന്യൂയോര്‍ക്കിലെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി എം. ഡോലന്‍, ആര്‍ച്ച് ബിഷപ്പ് സോറന്റിനോ, സഹായ മെത്രാന്‍ ജോസഫ് എ. എസ്‌പൈലറ്റ് എന്നിവരും കാര്‍മികരായിരുന്നു.

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ സാഹയത്തോടെ ദിവ്യകാരുണ്യത്തിന്റെയും വിശുദ്ധ കുര്‍ബാനയുടെയും മഹത്വം ലോകത്തിനും പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്കാണ് കാര്‍ലോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് മാര്‍പ്പാപ്പ ഉയര്‍ത്തിയത്. 2006 ല്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിക്കുമ്പോള്‍ കാര്‍ലോയ്ക്ക് വെറും 15 വയസ് മാത്രമായിരുന്നു പ്രായം. മരണവേളയില്‍ തന്റെ വേദനകളും രോഗവും മാര്‍പ്പാപ്പയ്ക്കും തിരുസഭയ്ക്കും വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു.

സമീപകാലത്ത് ജീവിച്ചവരില്‍ വാഴ്ത്തപ്പെട്ടവനാക്കപ്പെടുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് കാര്‍ലോ അക്യുട്ടിസ്. ഇന്റര്‍നെറ്റിന്റെ മധ്യസ്ഥന്‍ എന്ന നാമവും അദ്ദേഹത്തിന് ലഭിച്ചു. ക്രിസ്തുവിന്റെ ദിവ്യാത്ഭുതങ്ങള്‍ പട്ടികപ്പെടുത്തുന്നതിനായി ചെറിയ പ്രായത്തില്‍ തന്നെ കാര്‍ലോ വെബ്‌സൈറ്റ് നിര്‍മിച്ചു. ഇതിനായി സ്‌കൂള്‍ പഠനകാലത്ത് യൂണിവേഴ്‌സിറ്റി പുസ്തകങ്ങള്‍ ഉപയോഗിച്ച് കോഡിങും വീഡിയോ എഡിറ്റിങും ആനിമേഷനും പഠിച്ചു.



1991 മേയ് രണ്ടിനാണ് കാര്‍ലോ അക്യുട്ടിസ് ജനിച്ചത്. 2006 ഒക്ടോബര്‍ 12ന് ലുക്കീമിയയെത്തുടര്‍ന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. അക്യുട്ടിസിന്റെ മധ്യസ്ഥതയാല്‍ ബ്രസീലില്‍ നിന്നുള്ള ഏഴ് വയസുകാരന്റെ പാന്‍ക്രിയാസിനുണ്ടായ അസുഖവും മറ്റൊരു സ്ത്രീയുടെ കാന്‍സര്‍ രോഗവും സൗഖ്യപ്പെട്ടതായി സഭ സ്ഥിരീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.