എന്‍സിസി: ഭാരതത്തിന്‌ ഭാവിയുടെ കാവല്‍

എന്‍സിസി: ഭാരതത്തിന്‌ ഭാവിയുടെ കാവല്‍

“ഹം സബ്‌ ഭാരതീയ ഹേ! അപ്നി മന്‍സില്‍ എക്‌, ഹേ... "ആറര പതിറ്റാണ്ടുകളായി ദേശ സ്നേഹം തുടിക്കുന്ന, ഭാരതീയ യുവത്വത്തിന്റെ സ്വരഭേരിയില്‍ ഈ ഈരടികള്‍ മാതൃഭൂമിയുടെ ചോരയും നീരുമാകുന്നു,"നാമെല്ലാം ഭാരതീയരാണ്‌, നമ്മുടെ ലോകം ഒന്നാണ്‌" എന്ന്‌ ഏക സ്വരത്തില്‍ പാടിക്കൊണ്ടാണ്‌ 1948 ഏപ്രില്‍ 16-ന്‌ നവഭാരതത്തിന്‌ ഭാവിയുടെ കാവലായി “നാഷണല്‍ കേഡറ്റ്‌ കോര്‍പസ്‌" എന്ന എന്‍.സി.സി. സ്ഥാപിതമായത്‌.

ജന്മഭൂമിയുടെ കരയും കടലും ആകാശവും കാത്തുപാലിക്കാന്‍ കരള്‍ത്തുടിപ്പുള്ള ഒരു യുവതലമൂറയെ വാര്‍ത്തെടുക്കുക എന്നതുതന്നെയായിരുന്നു, ഈ കുട്ടിപ്പട്ടാളത്തിന്റെ രൂപീകരണത്തിനു പിന്നിലെ പ്രഥമ ലക്ഷ്യം. യുവതലമുറയില്‍, സ്വഭാവശുദ്ധി, ധീരമായ നേതൃത്വം, മതേതരത്വം, സാഹസികത, നിസ്വാര്‍ത്ഥമായ സേവനതല്‍പരത, തുടങ്ങിയ മൂല്യങ്ങള്‍ മുളപ്പിക്കുകയാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

സംഘടിതവും സുശിക്ഷിതവുമായ മാനവ വിഭവശേഷി സൃഷ്ടിക്കുക, സദാ രാഷ്ട്രസേവനത്തിന്‌ സംലഭ്യതയുള്ള യുവപോരാളികളെ രൂപപ്പെടുത്തുക, രാജ്യത്തിന്റെ കര, നാവിക, വ്യോമ സേനകളിലേക്ക്‌ സമര്‍ത്ഥരായ സേനാനികളെ പരിശിലിപ്പിക്കുക തുടങ്ങി, രാജ്യരക്ഷയ്ക്കു സഹായിക്കുന്ന ഉന്നതലക്ഷ്യങ്ങളാണ്‌ കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി എന്‍.സി.സി. നിറവേറ്റുന്നത്‌.

"പുഞ്ചിരിച്ചുകൊണ്ട് അനുസരിക്കുക, കൃത്യനിഷ്ഠ പാലിക്കുക, നിരന്തരം കഠിനാധ്വാനം ചെയ്യുക, ഒഴിവുകഴിവു പറയാതിരിക്കുക, സത്യസന്ധരായിരിക്കുക' എന്നി പ്രായോഗിക പ്രമാണങ്ങള്‍ പാലിക്കാമെന്ന്‌ പ്രതിജ്ഞ ചെയ്തുകൊണ്ട് ഇന്ന്‌ 18 ലക്ഷം യുവപൗരന്മാരാണ്‌, എന്‍.സി.സിയിലൂടെ നാടിന്റെ കാവലായി ഭാരതഭൂമിയില്‍ പടരുന്നത്‌.

“രാഷ്ട്രനിര്‍മ്മിതിയില്‍ നവയുവജനതയെ അണിനിരത്തുന്നതില്‍ എന്‍.സി.സി യോളം സഹായിക്കുന്ന മറ്റൊരു സംഘടനയുമില്ല" എന്ന്‌ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജിയും "ഉത്തരവാദിത്വമുള്ള പൗരന്മാരായി ഭാരതീയ യുവത്വത്തെ പരിശീലിപ്പിക്കാനും അവരെ ദേശിയോദ്ഗ്രഥനത്തിന്റെ സന്ദേശവാഹകരാകാനും എന്‍.സി.സി വിജയിക്കുന്നുണ്ട്" എന്ന്‌ പ്രധാനമ്രന്തി ഡോ. മന്‍മോഹന്‍സിംഗും അറുപത്തി നാലാം എന്‍.സി.സി ദിനസന്ദേശമായി പ്രസ്താവിക്കുന്നത്‌ ശ്രദ്ധേയമാണ്‌.

അഖിലേന്ത്യാതലത്തില്‍ ഹൈസ്‌കൂളുകളിലും കോളജുകളിലും പ്രവര്‍ത്തിക്കുന്ന ഈ സംഘ ടന ഇതിനോടകം ശ്രദ്ധേമായ രാഷ്ട്രസേവനങ്ങള്‍ നല്‍കിയിട്ടുണ്ട്‌. അടിയന്തര സഹായം ആവശ്യമുള്ള ഏതു സ്ഥലത്തും സന്നദ്ധ സേവനവുമായി എന്‍.സി.സി കേഡറ്റുകള്‍ പറന്നെത്തും. ഗുജറാത്തിലെ വെള്ളപ്പൊക്കക്കെടുതികളിലും ലാത്തുരിലെ ഭുമികുലുക്കത്തിലും ഉജ്ജ്വലമായ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ എന്‍.സി.സിക്കു കഴിഞ്ഞിട്ടുണ്ട്‌. 1998-ലും 1921-ലും ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധത്തില്‍, എന്‍.സി.സി. കേഡറ്റുകള്‍ പ്രതിരോധത്തിന്റെ രണ്ടാംനിര തീര്‍ത്തുകൊണ്ട്‌ വെടിയുണ്ടകള്‍ക്കു മുമ്പില്‍ നെഞ്ചുവിരിച്ചുനിന്നു പൊരുതിയിട്ടുണ്ട്‌.

രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ്‌ എന്‍.സി.സിയുടെ കേന്ദ്ര ഓഫിസ്. പട്ടാളത്തിലെ ഒരു ലഫ്റ്റനന്റ്‌ ജനറലായിരിക്കും ഇതിന്റെ ഡയറക്ടര്‍. 1948ല്‍ കേണല്‍ ജി.ജി. ബേവൂര്‍, മേജര്‍ ജനറല്‍ വീരേന്ദ്ര സിംഗ്‌ തുടങ്ങിയ നായകരിലൂടെ വളര്‍ന്ന്‌, ലഫ്റ്റനന്റ്‌ ജനറല്‍ പി.എസ്‌ ചൗധരിയിലൂടെ മുന്നേറി ഇന്ന്‌ ലഫ്റ്റനന്റ്‌ ജനറല്‍ രാജ്കുമാര്‍ വരെ എത്തിനില്‍ക്കുന്ന ധീരനേതൃത്വമാണ്‌ ഈ സംഘടനയെ വളര്‍ത്തിയത്‌.

കര്‍ശനമായ കൃത്യനിഷ്ഠയും അച്ചടക്കവുമാണ്‌ എന്‍.സി.സി. പരിശീലനത്തിന്റെ മുഖമുദ്ര. ഉറച്ച ലക്ഷ്യ ബോധമുള്ളവര്‍ക്ക്‌ അച്ചടക്കം വിജയവഴിയാണ്‌. അടക്കമില്ലാതാകുന്ന ആധുനിക യുവചേതനകള്‍ക്കു മുന്നിലൂടെ, കൊടിയ വർഗീയതയും ക്രൂരമായ തീവ്രവാദവും മനുഷ്യത്വം അന്യമാകുന്ന നിരിശ്വരവാദവും കൊടികുത്തുന്ന ഭാരത മനസാക്ഷിയുടെ നാട്ടുവഴികളിലൂടെ, രാജപാതകളിലൂടെ, ഇരമ്പിയണയുന്നുണ്ട് ധിരദേശസ്നേഹികളായ എന്‍.സി.സി. കേഡറ്റുകളുടെ ദേശിയോദ്ഗ്രഥന പരേഡുകള്‍. എല്ലാ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക്‌ ദിനത്തിനും മാത്രമല്ല, സ്വാതന്ത്യം കവര്‍ന്നെടുക്കപ്പെടുന്ന എല്ലാ ദിനരാത്രങ്ങളിലും ഉയരട്ടെ, ഈ നവഭാരത ശില്പികളുടെ ഉറച്ച ചുവടൊച്ചകള്‍.

ഫാ. റോയി കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ. റോയി കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.