ദുബായ്: യുഎഇയില്‍ പുതിയ പ്രവേശന-താമസ വിസാനിയമങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭായോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാന മാറ്റങ്ങള്‍, ഇങ്ങനെ
യുഎഇയില്‍ താമസ വിസയുളളവർക്ക് 25 വയസുവരെയുളള വിവാഹിതരാകാത്ത പെണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യാനാകും. നേരത്തെ പ്രായപരിധി 18 വയസായിരുന്നു.
നിശ്ചയദാർഢ്യക്കാരായ കുട്ടികള്‍ക്ക് അവരുടെ പ്രായപരിധി പരിഗണിക്കാതെ താമസ വിസ അനുവദിക്കും.
ഗ്രീന്‍ വിസയുളളവർക്ക് അടുത്ത ബന്ധുക്കള്‍ക്ക് താമസ വിസ എടുത്തുനല്‍കാന്‍ കഴിയും.
താമസവിസയുളള വ്യക്തിയുടെ വിസ കാലപരിധിയായിരിക്കും ഇയാള്‍ സ്പോണ്‍സർ ചെയ്ത വിസയുളളവർക്കും.
ഗോള്‍ഡന്‍ വിസയുളളവർക്ക് പ്രായം നോക്കാതെ അവരുടെ കുടുംബത്തെ സ്പോണ്‍സർ ചെയ്യാം ഗോള്‍ഡന്‍ വിസയുളളവർക്ക് ഗാർഹിക തൊഴിലാളികളെ സ്പോണ്‍സർ ചെയ്യുന്നതിന് എണ്ണം തടസമല്ലാതാകും.
ഗോള്‍ഡന്‍ വിസയുളളവർക്ക് യുഎഇയ്ക്ക് പുറത്ത് ആറ് മാസം താമസിച്ചാല്‍ വിസ കാലാവധി അവസാനിക്കുമെന്ന നിയന്ത്രണം ബാധകമാവില്ല, ആറ് മാസത്തെ കാലാവധി കഴിഞ്ഞതോ, റദ്ദാക്കപ്പെട്ടതോ ആയ താമസ വിസക്കാർക്ക് ആറ് മാസം വരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന ഗ്രേസ് പിരീഡുകള്‍ ഗ്രീന്‍ വിസകള്‍ക്ക് നല്‍കും. പ്രൊഫഷണലുകള്‍, നിക്ഷേകർ, സംരംഭക, ഫ്രീലാന്‍സർമാർ തുടങ്ങിയവരെ രാജ്യത്തേക്ക് ആകർഷിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
സ്പോണ്‍സറോ ഹോസ്റ്റോ ആവശ്യമില്ലാതെ വിസയെടുക്കാനും സാധിക്കുന്ന തരത്തില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വർഷം വരെ കാലാവധിയുളള വിസ ലഭിക്കും. സാധുതയുളള തൊഴില്‍ കരാർ വേണമെന്ന് മാത്രം. യുഎഇ തൊഴില്‍ മന്ത്രാലയത്തിന്‍റെ സ്വദേശി വല്‍ക്കരണ പട്ടിക പ്രകാരം ഒന്ന് മുതല്‍ മൂന്ന് വരെ വിഭാഗങ്ങളിലുളള തൊഴിലുകള്‍ ചെയ്യുന്നവർക്കാണ് ഈ വിസ ലഭിക്കുക.
സ്വയം തൊഴില്‍ ചെയ്യുന്നവർക്കും ഫ്രീലാന്‍സ് ജോലിയിലുളളവർക്കും അഞ്ച് വർഷം വരെ കാലാവധിയുളള വിസ ലഭിക്കും. നിക്ഷേപകർക്കും വ്യവസായ പ്രവർത്തനങ്ങള്‍ തുടങ്ങുന്നവക്കും അതില്‍ പങ്കാളികളാകാന്‍ എത്തുന്നവർക്കും അഞ്ച് വർഷത്തെ വിസ ലഭിക്കും.
യുഎഇയില്‍ എത്തുന്ന സന്ദർശകർക്കും നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളത്. സന്ദർശക വിസാ കാലാവധി 60 ദിവസമാക്കി. സമാനമായ കാലയളവിലേക്ക് വിസ പുതുക്കാനും സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.