ന്യൂഡൽഹി: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ.വി തോമസ് നൽകിയ വിശദീകരണം പരിശോധിക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം.
കെ.വി തോമസിനെതിരായ നടപടി താക്കീതില്‍ ഒതുങ്ങിയേക്കും. എന്നാൽ മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് അച്ചടക്ക സമിതി തീരുമാനം.കെ.വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കെ.പി.സി.സി നിലപാട്. തനിക്കെതിരായ പരാതി അച്ചടക്ക സമിതി മുമ്പാകെ ഉള്ളപ്പോഴും കെ.പി.സി.സി നേതൃത്വത്തെ കെ.വി തോമസ് വിമർശിക്കുന്നത് തുടരുകയാണ്. ഇത് തന്നെയാണ് കെ.പി.സി.സി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതും.
ഏപ്രിൽ പതിനൊന്നിന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെ.വി തോമസിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടതും.
കെ.പി.സി.സി നേതൃത്വത്തിന് എതിരായ ആരോപണങ്ങളും സി.പി.എം സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനമെന്ന നിലപാടും കെ.വി തോമസ് വിശദീകരണത്തിൽ ആവർത്തിച്ചിട്ടുണ്ട്. വി.എം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻകാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും എ.കെ ആന്റണി അധ്യക്ഷനായ സമിതിക്ക് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.വി തോമസ് നൽകിയ വിശദീകരണം ലഭിച്ചതായി സമിതി അംഗവും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ താരീഖ് അൻവർ വ്യക്തമാക്കിയിരുന്നു. കെ.വി തോമസിന്റെ മറുപടി പരിശോധിക്കും എന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്‌പെൻഷൻ ഉൾപ്പടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.
അച്ചടക്ക സമിതി റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് കൈമാറുക. ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷ തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.